തമിഴ്നാട്ടിലെ ഈറോഡ്, സേലം തുടങ്ങിയ സ്ഥലങ്ങളിൽ ഇരുപതോളം വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ മറവിലും വൻതോതിൽ കുഞ്ഞുങ്ങളുടെ വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പർവീൺ, ഹസീന, അരുൾ സാമി എന്നിവർ ഈറോഡ് കരുങ്കൽപാളയത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. ഇവിടെ ചികിത്സയ്ക്കെത്തുന്ന കുട്ടികളില്ലാത്ത ദമ്പതികളെ കറക്കിയെടുത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരായാണ് ഇവർ പ്രവർത്തിച്ചതെന്നും രാസിപുരം വനിതാ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു പുറമേ വാടകയ്ക്ക് ഗർഭപാത്രം നൽകാനും ഇവർ തയ്യാറാണ്. ഇതിനുള്ള വാടകയും മറ്റു ചെലവും കൂടി അഞ്ച് ലക്ഷം രൂപ ഇവർക്ക് നൽകിയാൽ മതി.
''കുട്ടികളുടെ കണ്ണ് പൊട്ടിച്ച് ഭിക്ഷാടനത്തിന് കൊണ്ടുപോകുന്നതിനെക്കാൾ നല്ലതല്ലേ ഇത്. കുട്ടികളെ നല്ല നിലയിൽ വളർത്താൻ അമ്മമാർക്ക് കഴിയുന്നില്ല. അതുകൊണ്ട് നന്നായി നോക്കാൻ പറ്റുന്നവരെ അവർ കുഞ്ഞുങ്ങളെ കൈമാറുന്നു. ഇവിടെ കുട്ടികളെ ആരും കൊത്തിപ്പറിച്ച് കൊണ്ടുപോകുന്നതല്ലല്ലോ "" - രാസിപുരത്തെ കരിമ്പിൻജ്യൂസ് വിൽപ്പനക്കാരിയായ ശിവകാമി പറഞ്ഞു.
മാതാപിതാക്കൾക്ക്
കുഞ്ഞുങ്ങളെ കാണാം
തങ്ങൾ കൈമാറിയ കുഞ്ഞുങ്ങളെ യഥാർത്ഥ മാതാപിതാക്കൾക്ക് കാണാനുള്ള അവസരം അമുദവല്ലി ഒരുക്കിയിരുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്. ഈ കൂടിക്കാഴ്ച എല്ലാകാലവും അനുവദിക്കില്ല. മൂന്നു വയസാണ് കൂടിക്കാഴ്ചക്കുള്ള പരിധി. കുഞ്ഞിന് തിരിച്ചറിവ് വരുന്ന പ്രായം എന്നാണ് അമുദവല്ലിയുടെ കണക്ക്. അതേസമയം കുഞ്ഞിനെ കാണുമ്പോൾ വികാരപ്രകടനങ്ങൾ പാടില്ല. കാണുക, മിണ്ടാതെ തിരികെ പോകുക അതാണ് അമുദവല്ലിയുടെ പ്രധാന നിർദേശം. കാണുമ്പോൾ അമുദവല്ലിയുടെ ഏജന്റും കൂടെയുണ്ടാകും. കുട്ടികളെ ആരിൽ നിന്ന് വാങ്ങിയെന്നും ആർക്കു കൈമാറിയെന്നുമൊക്കെയുള്ള വിവരങ്ങൾ അമുദവല്ലിയുടെ ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.. ഈ ഡയറിയും പൊലീസ് പിടിച്ചെടുത്തിരുന്നു.
'കുട്ടികളെ വിറ്റ് ഞാൻ നന്നായി ഇനി കുട്ടികളെ വാങ്ങി നിങ്ങളും നന്നാകുക "എന്ന് പറഞ്ഞാണ് അമുദവല്ലി കുട്ടികളെ വാങ്ങാനെത്തുന്നവരെ ബോധവത്കരിച്ചിരുന്നത്. രണ്ട് വർഷം , ജനിച്ചത് 980 കുട്ടികൾ 2017 നു ശേഷം രാസിപുരം സർക്കാർ ആശുപത്രിയിൽ മാത്രം 980 പ്രസവമാണ് നടന്നത്. ഇതിൽ പകുതിയും പെൺകുഞ്ഞുങ്ങളാണ്. അതേ സമയം നഗരസഭയിൽ നിന്ന് ഇക്കാലയളവിൽ 4500 ജനന സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തതെന്നും ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സർട്ടിഫിക്കറ്റുകൾ എങ്ങനെ കിട്ടി എന്ന പരിശോധന ഇപ്പോൾ നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കടത്ത് നടന്നത ്
മന്ത്രിയുടെ മണ്ഡലത്തിൽ
തമിഴ്നാടിനെ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവൻ ഞെട്ടിച്ച കുട്ടിക്കടത്ത് നടന്നത് തമിഴ്നാട് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. വി. സരോജം പ്രതിനിധാനം ചെയ്യുന്ന രാസിപുരം മണ്ഡലത്തിലാണെന്നതാണ് അതിശയിപ്പിക്കുന്നത്. വർഷങ്ങളായി തുടരുന്ന കടത്ത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. അതേ സമയം ഈ പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. ഒടുവിൽ പ്രതിഷേധം ശക്തമായതോടെയാണ് സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് ചീഫിനോട് മന്ത്രി ആവശ്യപ്പെട്ടത്. സേലം സി.ബി. സി. ഐ.ഡി എസ്.പി മുത്തുകൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
( നാളെ: വ്യാപാരത്തിന് പിന്നിൽ കഷ്ടപ്പാട് )