തൃക്കരിപ്പൂർ: ബോട്ടുകൾ കരയിലേക്ക് കയറ്റിയിട്ട് അറ്റകുറ്റപ്രവൃത്തി നടത്തുന്നതിനായുള്ള സ്ലിപ്‌വേയുടെ നിർമ്മാണം ആയിറ്റി ജല ഗതാഗത വകുപ്പ് കാര്യാലയത്തിന്റെ പരിസരത്ത് പുനരാരംഭിച്ചു.
5 വർഷം മുമ്പ് കണ്ണൂർ സിൽക്കിന്റെ നേതൃത്വത്തിൽ ഇവിടെ സ്ലിപ് വേയുടെ പ്രവൃത്തി തുടങ്ങിയെങ്കിലും ഇടക്ക് വെച്ച് മുടങ്ങുകയായിരുന്നു. പുഴയിൽ നിന്നും 50 മീറ്ററിലേറെ കരയിലേക്കായി മണ്ണ് നീക്കിയാണ് റയിലുകളും കോൺക്രീറ്റ് സ്ളാബുകളും അനുബന്ധ സൗകര്യങ്ങളുമൊക്കെയുള്ള സ്ലീപ്‌വേ നിർമ്മാണം തുടങ്ങിയത്.
ഇതു കമ്മിഷൻ ചെയ്യാൻ തീരുമാനിക്കുകയും വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിന് തിയ്യതി നിശ്ചയിക്കുകയും ചെയ്തിരുന്നു. പരീക്ഷണാർത്ഥം ബോട്ടുകൾ കായലിൽ നിന്ന് കരയിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ തന്നെ റെയിലും മറ്റു സംവിധാനങ്ങളും തകർന്നു. ഇതിനെ തുടർന്ന് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവാകുകയും നിർമാണത്തിലെ അപാകത കണ്ടെത്തി അറ്റകുറ്റപ്പണി ചെയ്യാൻ സിൽക്കിനോട് ആവശ്യപ്പെടുകയുമായിരുന്നു.
പഴയ എസ്റ്റിമേറ്റിൽ തന്നെയാണ് പ്രവൃത്തി നടക്കുന്നതെന്നാണ് കണ്ണൂർ സിൽക്കിന്റെ മാനേജർ പറയുന്നത്. ഇതോടൊപ്പം ചുറ്റുമതിലും വർക്ക് ഷോപ്പും പണിയുന്നുണ്ട്.
സ്ലിപ്പ്‌വേയുടെ പ്രവർത്തി പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതോടെ കൊറ്റി - കോട്ടപ്പുറം ജലപാതയിലോടുന്ന ബോട്ടുകൾ സ്വകാര്യ വർക്ക് ഷോപ്പുകളിലാണ് റിപ്പയർ ചെയ്യുന്നത്. ഇതിനു പുറമേ ആലപ്പുഴയിലെ ജീവനക്കാരെ ഇവിടെയെത്തിച്ച് റിപ്പയർ ചെയ്യുന്നതും പതിവാണ്. ഇതൊക്കെ വൻ സാമ്പത്തിക ബാധ്യതയാണ് വകുപ്പിന് ഉണ്ടാക്കുന്നത്. അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ ബോട്ടുകൾ സർവീസുകൾ നിർത്തലാക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടാണ് സർവീസ് കാര്യക്ഷമമാക്കാനുള്ള തീരുമാനം ഉണ്ടായത്. സ്ലീപ്പ്‌വേ ഈ മാസം തന്നെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളാണ് ഊർജ്ജിതമായി നടക്കുന്നത്
.
സ്ലിപ്‌വേ നിർമ്മാണം പുരോഗമിക്കുന്നു
സ്ലിപ് വേ
65 ലക്ഷം രൂപ എസ്റ്റിമേറ്റിൽ 2012ലാണ് പ്രവർത്തി ആരംഭിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി. പക്ഷേ മൂന്നു വർഷതോളമെടുത്തു പൂർത്തിയാക്കാൻ. ഇത് പരീക്ഷണത്തിനിടയിൽ തകരുകയും ചെയ്തു. തുടർന്ന് ഏറെക്കാലം അനക്കമില്ലാതെ കിടന്നതാണ് വീണ്ടും പുനർനിർമ്മിക്കുന്നത്.