കാസർകോട്: കാൻസർ അടക്കമുള്ള രോഗങ്ങൾ മാറുമെന്ന് പ്രചരിപ്പിച്ച് വ്യാജ മരുന്ന് വിൽപ്പന നടത്തുന്ന അന്തർ സംസ്ഥാന റാക്കറ്റ് സജീവം. ലോഡ്ജുകൾ കേന്ദ്രമാക്കി പ്രവർത്തിച്ചു വന്നിരുന്ന സംഘത്തെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് കേരളത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഇവർക്ക് ഏജന്റുമാരുണ്ട്. കാഞ്ഞങ്ങാട് ലോഡ്ജിൽ പ്രവർത്തിച്ച ഓഫീസിൽ നിന്നാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്.
അന്യസംസ്ഥാന മന്ത്രിമാരുടെയും ഐ. എ. എസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ ഉപയോഗിച്ച് മരുന്നിന്റെ അത്ഭുത സിദ്ധി വിവരിക്കുന്ന നോട്ടീസ് അടിച്ചിറക്കിയാണ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. പ്രധാന നഗരങ്ങളിൽ ക്യാമ്പ് തുറന്ന് ഫോൺ നമ്പർ നൽകിയാണ് ആളുകളെ വിളിച്ചു വരുത്തുന്നത്. രണ്ടുപേരുടെ ഫോൺ നമ്പറുകൾ ആണ് നോട്ടീസിൽ നൽകിയത്. 170 രോഗങ്ങൾക്ക് തങ്ങളുടെ കൈയിൽ പ്രതിവിധി ഉണ്ടെന്ന് ഇവർ പ്രചരിപ്പിക്കുന്നു.
പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് കേസിൽ സസ്‌പെൻഷനിൽ ആയ ബീഹാർ കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ ആണ് മരുന്ന് കമ്പനിയുടെ പ്രധാന സൂത്രധാരൻ എന്ന് പറയുന്നു. നീലേശ്വരം സ്വദേശിയാണ് മരുന്ന് വിൽപ്പന നടത്തുന്നത്. മരുന്നുകൾ പിടിച്ചെടുത്ത സംഭവത്തിൽ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് ( ഡി എം ആർ )പ്രകാരം ഡ്രഗ് കൺട്രോൾ വിഭാഗം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തെളിയിക്കാൻ കോടതിയുടെ അനുമതി വേണം
കാസർകോട്: ലോഡ്ജ് മുറിയിൽ നിന്ന് റെയ്ഡ് നടത്തി പിടിച്ചെടുത്ത മരുന്നുകൾ വ്യാജമാണോ എന്ന് തെളിയിക്കുന്നതിന് മതിയായ പരിശോധന നടത്താൻ കോടതി പറയണം. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത് 13 ഇനം മരുന്നുകളാണ്.എല്ലാം ആയുർവേദ വിഭാഗത്തിൽപ്പെടുന്നത്. പിടിച്ചെടുത്ത മരുന്നുകളെല്ലാം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.
മരുന്നുകളുടെ കവറുകൾക്ക് പുറത്ത് ലൈസൻസ് നമ്പർ ഉണ്ടായിരുന്നു.
പൊലീസും കേസെടുക്കും
കാഞ്ഞങ്ങാട് : പരാതി ലഭിച്ചാൽ പൊലീസും കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കാഞ്ഞങ്ങാട് ഡിവൈ. എസ്. പി ടി. എൻ. സജീവൻ പറഞ്ഞു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ആണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
പടം ..ഡ്രഗ് കൺട്രോൾ വിഭാഗം ലോഡ്ജിൽ നടത്തിയ പരിശോധനയിൽ മരുന്നുകൾ പിടിച്ചെടുക്കുന്നു