കാസർകോട്: പെരിയ കല്യോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസിൽ സി.പി.എമ്മിന്റെ ഒരു നേതാവ് കൂടി പിടിയിലാകുമെന്ന് സൂചന. കൊലയാളികൾക്ക് ഒളിക്കാനുള്ള ഇടം ഒരുക്കി കൊടുത്തുവെന്നതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നും കാണിച്ച് ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠനും പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനും അറസ്റ്റിലായതോടെയാണ് കേസിൽ ആരോപണ വിധേയനായ മറ്റൊരു നേതാവിലേക്കും അറസ്റ്റ് നടപടികൾ നീണ്ടേക്കുമെന്ന സൂചന ലഭിക്കുന്നത്. കേസ് ഹൈക്കോടതി പരിഗണിക്കുന്ന ഈ മാസം 24 ന് മുമ്പ് അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയാണുള്ളത്. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ. കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ യും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി വി.എം. പ്രദീപും സംഘവുമാണ് ഇവരുടെ മൊഴികൾരേഖപ്പെടുത്തിയിരുന്നത്. അതിന് തൊട്ടുമുമ്പാണ് മണികണ്ഠന്റെയും ക്രൈംബ്രാഞ്ച്‌ചോദ്യം ചെയ്തത്. മണികണ്ഠൻ അറസ്റ്റിലായതോടെ കൂടുതൽ അറസ്റ്റു ഉണ്ടാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. പള്ളിക്കര വെളുത്തോളിയിൽ വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുക്കുകയും പ്രതികൾ സംഭവസമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളയുകയും ഒളിവിൽ കഴിയാൻ സഹായം ചെയ്തതും പുറത്തുവന്നതോടെ സി.പി.എം നേതാക്കളും സംശയത്തിന്റെ നിഴലിൽ ആയിരുന്നു.
അതേസമയം കേസിൽ കോൺഗ്രസ് സി.ബി.ഐ വരണമെന്ന് വാശി പിടിക്കുന്നത് ഞങ്ങളെ കുടുക്കാനാണെന്ന് മുൻ എം.എൽ.എ യും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ പറഞ്ഞു. കോൺഗ്രസിന്റെ സി.ബി.ഐ ആയാലും എൻ.ഡി.എ യുടെ സി.ബി.ഐ ആയാലും അവർക്ക് സി.പി.എമ്മിനെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. നേതാക്കളെ കേസിൽ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്താലൊന്നും സി പി എമ്മിനെ തകർക്കാൻ കഴിയില്ലെന്നും കെ.വി. കുഞ്ഞിരാമൻ പറഞ്ഞു.