കാസർകോട്: എൻഡോസൾഫാൻ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം. സെക്രട്ടേറിയറ്റിന് മുന്നിലെ അമ്മമാരുടെ സമരത്തിനിടെ പത്രം വാങ്ങാൻ പോകുമ്പോൾ ഓട്ടോറിക്ഷ ഇടിച്ചതാണ് സംഭവം. അന്വേഷണം ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി മുഖ്യമന്ത്രിക്ക് പരാതി നൽകും.

തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സമരസമിതി പ്രവർത്തക പി. ഷൈനി, കൺവീനർ സന്തോഷ് എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം ഉണ്ടായില്ല. അപകടത്തിൽ കുഞ്ഞികൃഷ്ണന്റെ തലയോട്ടിയിൽ രക്തം കട്ടപിടിക്കുകയും നാട്ടിലെത്തി മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

ഇതിനിടെ കുഞ്ഞികൃഷ്ണന്റെ ചികിത്സയ്ക്കായി പണപ്പിരിവ് നടത്തിയെന്ന പരാതി ഉയർന്നതോടെയാണ് ദുരൂഹത സംശയിക്കുന്നതെന്ന് പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടാകാമെന്നും ഇവർ പറയുന്നു. സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോയവരാണ് പ്രചാരണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടം ഗുരുതരം ആയിരുന്നെങ്കിലും സമരത്തിന്റെ ഗതി മാറ്റണ്ടെന്ന് പറഞ്ഞ് കുഞ്ഞികൃഷ്ണൻ നിരുത്സാഹപ്പെടുത്തിയത് കൊണ്ടാണ് ഇക്കാര്യം വിവാദമാക്കാതിരുന്നതെന്നും മുനീസയും അബ്ദുൾ ഖാദർ ചട്ടഞ്ചാലും പറയുന്നു. അപകടം വരുത്തിയ ഓട്ടോറിക്ഷ പൊലീസ് കണ്ടെടുത്തിരുന്നു.