കാഞ്ഞങ്ങാട്: തീരദേശത്തെ വറുതി മുതലെടുത്ത് കാഞ്ഞങ്ങാട് ബ്ലേഡ്മാഫിയ സജീവമാകുന്നു. പണത്തിന്റെ കൊള്ള പലിശയ്ക്കായി ഭീഷണിയും ഗുണ്ടായിസവുമായാണ് ഇതര സംസ്ഥാനക്കാരായ സംഘം എത്തുന്നത്. അജാനൂർ കടപ്പുറം, ഹോസ്ദുർഗ് കടപ്പുറം, ബല്ല കടപ്പുറം, ആവി, പുഞ്ചാവി, പട്ടാക്കൽ പ്രദേശങ്ങളിലെ തൊഴിലാളികളും ഇവരുടെ ഭീഷണി നേരിടുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പങ്കുള്ളതിനാൽ നടപടിയെടുക്കുന്നില്ലെന്ന് ഇരകൾ പറയുന്നു.
കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിൽ വരെ പണം വാങ്ങാനെത്തി കശപിശ ഉണ്ടാകാറുണ്ട്. അതേസമയം ഓപ്പറേഷൻ കുബേര നിലച്ചതാണ് പ്രശ്നമെന്നും വാദം ഉയരുന്നു. ആയിരം മുതൽ ഇരുപത്തി അയ്യായിരം വരെ വട്ടിപ്പലിശയ്ക്ക് നൽകുന്നുണ്ട്. ആയിരത്തിന് 250 രൂപയാണ് മാസ പലിശ. ഇത് മുടങ്ങിയാൽ പിഴപ്പലിശയടക്കം ഇരട്ടിയാകും. പതിനായിരം ആവശ്യപ്പെട്ടാൽ ആയിരം കഴിച്ച് ഒമ്പതിനായിരം നൽകിയാണ് ഇടപാട്. ഒരു മാസം തികഞ്ഞാൽ പതിനായിരം തിരിച്ചേൽപ്പിക്കണം.