prasanth

തലശേരി: സി.പി.എം അനുഭാവിയായിരുന്ന പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തിൽ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്കും ജീവപര്യന്തം തടവ്. തലശ്ശേരി അഡിഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം വീതം പിഴയുമടയ്ക്കണം.
പൊന്ന്യംവെസ്റ്റ് ചെങ്കളത്തിൽ വീട്ടിൽ സി.കെ. പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടിൽ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തിൽ ഹൗസിൽ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈൽ ലക്ഷ്മി നിവാസിൽ കെ.സി. അനിൽകുമാർ (51), എരഞ്ഞോളി മലാൽ ലക്ഷംവീട് കോളനിയിലെ കിഴക്കയിൽ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതിൽ ഹൗസിൽ തട്ടാരത്തിൽ കെ. മഹേഷ് (38) എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിലെ എട്ടുപ്രതികളിൽ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തേ മരിച്ചിരുന്നു. പ്രതികൾക്ക് വിവിധ വകുപ്പുകളിൽ ശിക്ഷ വേറെയുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതിയാവും. പാൽവാങ്ങുന്നതിനായി വീട്ടിൽ നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബർ ആറിന് പുലർച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അംഗൻവാടിക്ക് സമീപത്തു വച്ചാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. നാലു ദിവസം കഴിഞ്ഞ് കോഴിക്കോട് ബേബിമെമ്മോറിയൽ ആശുപത്രിയിലാണ് പവിത്രൻ മരിച്ചത്.
പവിത്രന്റെ ഭാര്യ രമണി, മകൻ വിപിൻ, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയൽ പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷൻസ് ജഡ്ജി സുരേഷ്‌കുമാർ പോൾ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു. 48 രേഖകളും ആയുധങ്ങൾ ഉൾപ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകൾ പ്രതിഭാഗവും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിനോദ്കുമാർ ചമ്പളോൻ ഹാജരായി.

ക്യാപ്.....

സി.കെ പ്രശാന്ത് , ലൈജേഷ്, വിനീഷ്, പഞ്ചാര മുത്തു, കെ.സി. അനിൽകുമാർ, വിജിലേഷ്, കെ. മഹേഷ്