കാസർകോട് : പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് പിടിയിലായേക്കുമെന്ന് അഭ്യൂഹം. ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനും അറസ്റ്റിലായതോടെയാണ് ആരോപണ വിധേയനായ മറ്റൊരു ഉന്നത നേതാവിലേക്കും അറസ്റ്റ് നീളുമെന്ന സൂചന ലഭിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി 24ന് പരിഗണിക്കും. ഇതിന് മുമ്പ് ഇയാൾ അറസ്റ്റിലാകുമെന്നാണ് സൂചന.
അതേസമയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌ത നേതാക്കളെല്ലാം പ്രതികളാകുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. കെ. കുഞ്ഞിരാമൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. കുഞ്ഞിരാമൻ, ഡോ. വി.പി.പി. മുസ്തഫ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. പ്രദീപും സംഘവും വിളിച്ചുവരുത്തി മൊഴികൾ രേഖപ്പെടുത്തിയിരുന്നത്. അതിന് തൊട്ടുമുമ്പ് മണികണ്ഠന്റെയും ചോദ്യം ചെയ്തിരുന്നു.
സി.ബി.ഐ വരണമെന്ന് വാശി
ഞങ്ങളെ കുടുക്കാൻ: കെ.വി. കുഞ്ഞിരാമൻ
ഉദുമ : അതേസമയം കേസിന്റെ അന്വേഷണം സി.ബി.ഐ തന്നെ നടത്തണമെന്ന് വാശി പിടിക്കുന്നത് തങ്ങളെ കുടുക്കാനാണെന്ന് മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ആരോപിച്ചു. നേതാക്കളെ കേസിൽ കുടുക്കിയാലോ അറസ്റ്റ് ചെയ്താലോ സി.പി.എമ്മിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.