postal-vote

കാസർകോട്: ബേക്കൽ സ്റ്റേഷനിലെ പൊലീസുകാർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി. ബേക്കൽ പൊലീസ് സ്റ്റേഷനിലെ റൈറ്റർ ശശി, സിവിൽ പൊലീസ് ഓഫീസർ സുമേഷ് എന്നിവർക്കെതിരെയാണ് ഡി.ജി.പി നടപടിക്ക് ശുപാർശ ചെയ്‌തതായി അറിയുന്നത്.

നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി എം.വി വിനോദ് അന്വേഷണ റിപ്പോർട്ട് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 33 പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ കൃത്യസമയത്ത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് എത്തിക്കുന്നതിൽ അലംഭാവം കാണിച്ചതായാണ് കണ്ടെത്തൽ.

കോട്ടിക്കുളം തപാൽ ഓഫീസിൽ പോസ്റ്റ് ചെയ്‌ത കവറുകളാണ് കളക്‌ടറേറ്റിൽ പൊളിക്കാതെ ഭദ്രമായി സൂക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. സമയപരിധി കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം കവറുകൾ ലഭിച്ചത് കൊണ്ടാണ് പൊളിക്കാതെ സൂക്ഷിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ മൊഴി.