പ്രഖ്യാപനമുണ്ടായത് 2006 ൽ
കാഞ്ഞങ്ങാട്: തീരദേശത്തെ ജനങ്ങളിൽ പ്രതീക്ഷ നിറച്ച ചിത്താരി മിനി ഹാർബർ പ്രഖ്യാപനത്തിന് 13 വയസാകുമ്പോഴും കാര്യങ്ങളൊന്നും മുന്നോട്ടു നീങ്ങിയില്ല. 2006 ലെ ബഡ്ജറ്റിലാണ് ചിത്താരിയിൽ മിനി ഹാർബർ പണിയുമെന്ന പ്രഖ്യാപനം വന്നത്. അതിൽ പിന്നീട് നിരവധി സർക്കാറുകൾ വന്നു പോയെങ്കിലും ഈ പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങി കിടക്കുകയാണ്. ഓരോ ഗവൺമെന്റിലെയും ഫിഷറീസ് മന്ത്രിമാർ പദ്ധതി സ്ഥലം സന്ദർശിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതല്ലാതെ നാളിതുവരെയായും ഫലത്തിലെത്തിയില്ല. ഇക്കഴിഞ്ഞ ബഡ്ജറ്റിൽ 50,000 രൂപ നീക്കിവച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ചിത്താരി മുതൽ നീലേശ്വരം തൈക്കടപ്പുറം വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും അനിവാര്യമാണ് ഈ മത്സ്യബന്ധന കേന്ദ്രം. 1300 ഓളം കുടുംബങ്ങൾ മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. കടലിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ഇവർ ഓരോ വർഷ കാലത്തും ആശങ്കയിലാണ്. കടലിൽ അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള വഴികൾ ദുർലബമാണ്. രണ്ടും മൂന്നും പേർ ഓരോ വർഷവും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നുണ്ട്. മിനി ഹാർബർ വന്നാൽ ജീവാപായം ഇല്ലാതാകുമെന്നതിനു പുറമേ വർഷ കാലത്ത് സുരക്ഷിതമായ മത്സ്യബന്ധനത്തിനു കഴിയുമെന്നും തൊഴിലാളികൾ പറയുന്നു.
മത്സ്യത്തൊഴിലാളി മാർച്ച് 20ന്
കാഞ്ഞങ്ങാട്: നിർദ്ദിഷ്ട ചിത്താരി മിനി ഹാർബർ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഈ മാസം ഹൊസ്ദുർഗ് മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് മീനാപ്പീസ് കടപ്പുറത്തുനിന്നും പ്രകടനം ആരംഭിക്കും. സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സി.പി.എം ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹനൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, അഡ്വ. യു.എസ്. ബാലൻ, എ. ഹമീദ് ഹാജി, എ. ദാമോദരൻ എന്നിവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ എ.ആർ. രാമകൃഷ്ണൻ, പി. സാമിക്കുട്ടി, വി. പുഷ്‌കരൻ, ബി. രാജേഷ് ബത്തേരിക്കൽ, പി. ബാബു എന്നിവർ സംബന്ധിച്ചു.
സാങ്കേതിക തടസങ്ങൾ നീക്കണം: സി.പി.എം
കാഞ്ഞങ്ങാട്: നിർദിഷ്ട ചിത്താരി ഫിഷിംഗ് ഹാർബറിന്റെ സാങ്കേതിക തടസങ്ങൾ നീക്കാൻ അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്, കേന്ദ്ര സർക്കാറിൽ നിന്നുള്ള സി.ആർ.സെഡ് ക്ലിയറൻസ് എന്നിവ ഇനിയും ലഭിക്കാത്തതാണ് ഹാർബറിന്റെ തുടർ പ്രവർത്തനങ്ങൾക്ക് തടസമാകുന്നത്. എല്ലാ വിധ തടസങ്ങളും നീക്കി ഹാർബർ പ്രവർത്തനം ത്വരിതപ്പെടുത്തി മത്സ്യതൊഴിലാളികളുടെ ആശങ്കപരിഹരിക്കണമെന്ന് ഏരിയാകമ്മറ്റി ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.