prathi

കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ എട്ടാം പ്രതിയായ,​ ഗൾഫിലേക്കു കടന്ന സി.പി.എം പ്രവർത്തകനെയും ക്രൈംബ്രാഞ്ച് പിടികൂടി. പള്ളിക്കര വെളുത്തോളി സ്വദേശി സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ സുബീഷിനെ (36) യാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.എം. പ്രദീപും സംഘവും അറസ്റ്റുചെയ്തത്.

ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) യിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. റിമാൻഡ് റിപ്പോർട്ടിന്റെ കൂടെ തന്നെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

കൊലപാതകത്തിനുശേഷം ഗൾഫിലേക്ക് കടന്ന സുബീഷ്‌‌ നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഇന്നലെ പുലർച്ചെ മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനേയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. സുബീഷ് നാട്ടിൽ എത്തുന്നതറിഞ്ഞ്‌ ക്രൈംബ്രാഞ്ച് സംഘം രഹസ്യമായി വിമാനത്താവളത്തിൽ എത്തുകയായിരുന്നു. തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ള പ്രതിയാണ് സുബീഷ്. ഗൾഫിലേക്ക് കടന്ന ഇയാളെ പിടികൂടുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഇന്നലെ കോടതിയിൽ ഹർജി നൽകാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതിനിടെയാണ് പ്രതി മടങ്ങിവന്നതും പിടിയിലായതും. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു എന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. എന്നാൽ ഗൂഢാലോചന അന്വേഷിക്കാൻ തയ്യാറായാൽ സി.പി.എം ഉന്നത നേതാവ് കൂടി പിടിയിലായേക്കും. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജി 24 ന് ഹൈക്കോടതി പരിഗണിക്കും.