ചെറുവത്തൂർ: ചുറ്റും വെള്ളമുണ്ട്. വേനൽ കടുത്താൽ കുടിവെള്ളം കിട്ടാക്കനി. മഴ പെയ്യാൻ തുടങ്ങിയാൽ പുഴ കരകവിഞ്ഞ് വീട്ടുമുറ്റത്തെത്തും. ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ച നിവാസികൾക്കാണ് ഈ ദുരിതം വല്ലപ്പോഴുമെത്തുന്ന വാട്ടർ അതോറിറ്റിയുടെ ജല വിതരണമാണ് ഏക ആശ്രയം. അതും കിട്ടിയാൽ കിട്ടി എന്ന അവസ്ഥ.

പ്രദേശത്തെ കുടുംബങ്ങളുടെ വീടുകൾക്ക് ചുറ്റും ഒരു ഭാഗം കാര്യങ്കോട് പുഴയും മറുഭാഗത്ത് മയ്യിച്ച ചെറിയ പുഴയും മറ്റു ഭാഗങ്ങളിൽ ചെറിയ തോടുകളുമാണ്. പക്ഷേ, പുഴയിലും തോടുകളിലുമൊക്കെ നുരയുന്നത് ഉപ്പുവെള്ളം മാത്രം.

മയ്യിച്ച റെയിലിന് കിഴക്കുഭാഗത്തെ 250 ഓളം വരുന്ന കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. മുനമ്പ്, റെയിലിന് കിഴക്ക്, വയൽക്കര ക്ഷേത്ര പരിസരം എന്നിവടങ്ങളിലൊക്കെയുള്ള ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ജല അതോറിറ്റിയുടെ ജലവിതരണം പുലർച്ചെ മൂന്നു മണി മുതലാക്കിയത് തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കിയിരുന്നു. പരാതി ഉയർന്നതോടെ കഴിഞ്ഞ ദിവസം മുതൽ രാവിലെ 7.30 മുതൽ നൽകാമെന്നായി. എല്ലാ ദിവസവും മയ്യിച്ച പ്രദേശത്തേക്ക് ഇപ്പോൾ കുടിവെള്ള വിതരണമില്ല എന്നുള്ളതാണ് പ്രശ്നം. ചെറിയ നൂലുപോലെ ഇറ്റിറ്റുവീഴുന്ന വെള്ളം ശേഖരിക്കുക പ്രയാസകരമായിട്ടുണ്ട്. ഇതുകൂടാതെ താരതമ്യേന ഉയർന്ന പ്രദേശത്തുള്ള വീടുകളിൽ വെള്ളം കിട്ടാതെയുമായി. ഇത് പരിഹരിക്കാൻ മണ്ണ് കിളച്ചു കുഴിയുണ്ടാക്കി ബക്കറ്റുകളും പത്രങ്ങളും വച്ചാണ് എപ്പോഴെങ്കിലും കിട്ടുന്ന വെള്ളം പിടിക്കുന്നത്.

ജല അതോറിറ്റിയും ചെറുവത്തൂർ ഗ്രാമപഞ്ചായത്തും മുൻ കൈയെടുത്ത് മയ്യിച്ച പ്രദേശത്തേക്ക് കൂടുതൽ ശുദ്ധജലം എത്തിക്കാൻ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്.

ചെറുവത്തൂർ പഞ്ചായത്തിലെ മയ്യിച്ചയിൽ പൈപ്പിൽ വെള്ളം വരുന്നതും കാത്തു നിൽക്കുന്ന കുടും
ബങ്ങൾ.