കണ്ണൂർ: കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ സംസ്ഥാനത്തെ ജയിലുകളിൽ 282 തടവുകാർ മരണപ്പെട്ടുവെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. ഇതിൽ സ്വാഭാവിക മരണങ്ങളും അസ്വാഭാവിക മരണങ്ങളും ഉൾപ്പെടും. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.
മരണപ്പെട്ടവരിൽ 11 പേർ റിമാൻഡ് പ്രതികളാണ്. മൂന്ന് സെൻട്രൽ ജയിലുകളിൽ മാത്രം 174പേർ ഈ കാലയളവിൽ മരിച്ചു. ഇതിൽ ഒരു ആസ്‌ട്രേലിയൻ സ്വദേശിയും ഉൾപ്പെടും. 2011 മുതൽ 2018 വരെ ജില്ലാ ജയിലുകളിൽ 41പേരും സബ് ജയിലുകളിൽ 67 തടവുകാരും മരണപ്പെട്ടു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം 88 പേരാണ് മരിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ 44 പേരും മരിച്ചു. വിയ്യൂരിൽ 42 ആണ് മരണം.
ജില്ലാ ജയിലുകളിൽ കോഴിക്കോടാണ് പട്ടികയിൽ ഒന്നാമത്. ഇവിടെ ഏഴ് വർഷത്തിനിടെ 12 പേർ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജയിലിൽ എട്ടുപേരും. എറണാകുളം അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം ആറ് എന്നിങ്ങനെയാണ് തുടർപട്ടിക. ഈ കാലയളവിൽ കാസർകോട്, ഇടുക്കി ജില്ലകളിലെ ജയിലുകളിൽ ആരും മരിച്ചിട്ടില്ല. വിയ്യൂരിലെ വനിതാ ജയിലിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖ പറയുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ 42 പേർ മരിച്ചപ്പോൾ ആശ്രിതർക്ക് നഷ്ട പരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷമാണ് നൽകിയത്. കോഴിക്കോട്, കോട്ടയം ജില്ലാ ജയിലുകളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഏഴ് ലക്ഷം രൂപ കൈമാറി. ഇടതു സർക്കാർ ഭരണത്തിലേറിയ ശേഷം 94 തടവുകാരാണ് മരിച്ചത്. 2018 ഡിസംബർ 31 വരെയുള്ള കണക്കാണിത്. മരിച്ചവരുടെ കണക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
'' ജയിൽ നവീകരണത്തിന് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെയടക്കം ഉൾപ്പെടുത്തി കമ്മിഷൻ രൂപീകരിച്ചിരുന്നു. ഇതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ജനാധിപത്യത്തിന്റെ നിലവാരം വിലയിരുത്തേണ്ടത് ജയിലുകളിലെ നിലവാരം നോക്കിയാണ്. തടവുകാരനായത് കൊണ്ട് മാത്രം പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നു. ഇത് പരിശോധിക്കാൻ റിട്ട. ജഡ്ജി, മുതിർന്ന അഭിഭാഷകൻ എന്നിവരടങ്ങിയ ജയിൽ ഓംബുഡ്സ്മാൻ വേണം."
അഡ്വ. കാളീശ്വരംരാജ്