മട്ടന്നൂർ: വിദേശ വിമാനക്കമ്പനികൾക്ക് സ‌ർവീസ് നടത്താൻ അനുമതിയില്ലാത്തത് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (കിയാൽ) വളർച്ചയ്ക്ക് തടസമാകുന്നു. പ്രവർത്തനം തുടങ്ങി അഞ്ചുമാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വർദ്ധന കിയാൽ രേഖപ്പെടുത്തിയിട്ടും വിദേശ വിമാനക്കമ്പനികൾ ഇവിടെ ഇറങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പുതിയ സർക്കാരിന്മേൽ സമ്മർദ്ദം ശക്തമാക്കാനാണ് കിയാൽ ആലോചിക്കുന്നത്.

കഴിഞ്ഞമാസം 1,41,372 പേരാണ് കിയാൽ വഴി പറന്നത്. ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 31,246 ആയിരുന്നു. കഴിഞ്ഞമാസം 81,036 ആഭ്യന്തര യാത്രികരും 60,336 അന്താരാഷ്‌ട്ര യാത്രികരും കിയാൽവഴി കടന്നുപോയി. ഡിസംബറിലെ 235ൽ നിന്ന് സർവീസുകൾ ഏപ്രിലിൽ 1,250ലേക്ക് ഉയർന്നു. വടക്കേ മലബാറിനു പുറമെ മൈസൂർ, കൂർഗ് മേഖലകളിൽ നിന്നും യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ട്.