തൃക്കരിപ്പൂർ: പാലക്കാട്ടെ ഗ്രാമീണദൃശ്യകലാരൂപമായ പൊറാട്ടുകളി ഇടയിലെക്കാട് ഗ്രാമത്തിന്റെയും മനം കവർന്നു. ഇടയിലെക്കാട്ടിൽ കവ്വായി കായലോരത്ത് നടന്നുവരുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പായ കിലുക്കാംപെട്ടിയിലാണ് മണ്ണൂർ ചന്ദ്രനും സംഘവും പൊറാട്ടുകളിയുമായി എത്തിയത്. വ്യത്യസ്ത വേഷമണിഞ്ഞും നാടൻ ശീലുകൾ ചൊല്ലിയും രംഗത്തെത്തിയ വേഷങ്ങൾക്കൊപ്പം ചടുലചലനങ്ങളുതിർത്ത് കുട്ടികളും ചുവടുവെച്ചു.
പാലക്കാട് ജില്ലയിലെ ആലത്തൂർ,ചിറ്റൂർ താലൂക്കുകളിലും തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിലും മകരം, ഇടവം മാസങ്ങളിലാണ് പൊറാട്ടുകൾ അവതരിപ്പിച്ചുവരുന്നത്. കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറാറുള്ളത്. നാടുവാഴിത്ത കാലത്ത് സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ട കീഴാളരുടെ കലാരൂപമായ ഇതിനെ പുറം ജനങ്ങളുടെ ആട്ട് അഥവാ നൃത്തം എന്നും അറിയപ്പെടുന്നു.
ദാസി, മണ്ണാൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, കവറ, കവറച്ചി, പൂക്കാരി, മാതു, അച്ചി എന്നിവയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഓരോ വിഭാഗം ജനങ്ങളുടെയും ജീവിതരീതികൾ ഫലിത രൂപേണ അവതരിപ്പിച്ചു വരുന്നു. സ്ത്രീ വേഷങ്ങൾ അണിഞ്ഞത് പുരുഷന്മാർ തന്നെയാണ്. തമിഴ് കലർന്ന മലയാളവും പാലക്കാട് പ്രാദേശിക വകഭേദവുമൊക്കെ ഏറെ രസകരവും പുതുമ നിറഞ്ഞതുമായ അനുഭവം പകരുന്നതായി. നർമ ഭാഷണം, ചടുല നൃത്തം, ആസ്വാദ്യകരമായ പാട്ടുകൾ എന്നിവ നിറഞ്ഞ പൊറാട്ടുകളിയിൽ കഥയെ നിയന്ത്രിച്ചത് കളിയാശാനും ചോദ്യക്കാരനുമാണ്.

നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. നാല് തൂണുകളിട്ടു നിർത്തി നടുവിൽ തിരശ്ശീലയിട്ടാണ് പൊറാട്ടുകളി അവതരിപ്പിച്ചു വരുന്നത്. കിലുക്കാംപെട്ടി ഉദ്ഘാടനചടങ്ങിൽ വെച്ച് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ മണ്ണൂർ ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫോട്ടോ
ഇടയിലെക്കാട്ടിൽ നടന്ന കിലുക്കാംപെട്ടിയിൽ നിന്ന്

വൈദ്യുതി വിതരണം മുടങ്ങും

110 കെ.വി. മൈലാട്ടി വിദ്യാനഗർ ഫീഡറിൽ 220 കെ.വി.സബ് സ്റ്റേഷൻ മൈലാട്ടിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ 110 കെ.വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ എന്നിവിടങ്ങളിൽ നിന്നും 33 കെ.വി. സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുമുളള വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.