കാസർകോട് : ഇടതുമുന്നണിയുടെ കോട്ടയായ കാസർകോട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രന്റെ കനത്ത തോൽവിക്ക് കാരണം പാർട്ടിയിലെ അട്ടിമറിയാണെന്നും പാർട്ടിയിൽ വൻ ഗൂഢാലോചന നടന്നുവെന്നുമുള്ള ആരോപണം പാർട്ടി കമ്മിഷൻ അന്വേഷിക്കുമെന്ന് സൂചന. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം കമ്മിഷനെ നിയോഗിച്ചേക്കും.

പരാജയത്തെ പറ്റി സംസ്ഥാന കമ്മറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് സെക്രട്ടറിയേറ്റ് അന്തിമ രൂപം നൽകി. തോൽവിയുടെ കൃത്യമായ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷ ഏകീകരണമാണ് പരാജയ കാരണമെന്ന വാദം ആരും അംഗീകരിക്കില്ലെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന സൂചന. പാർട്ടിയുടെ ഉരുക്കുകോട്ടകളിലെ വോട്ട് ചോർച്ച ഗൗരവമുള്ളതാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട് 40,438 വോട്ടിനാണ് സതീഷ്ചന്ദ്രൻ തോറ്റത്. സതീഷ്ചന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒരു വിഭാഗം എതിർത്തിരുന്നു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് സതീഷ്ചന്ദ്രന്റെ സ്ഥാനാർത്ഥിയാക്കിയത്.

പാർട്ടിയുടെ ശക്തികേന്ദ്രമായ മടിക്കൈ, ബങ്കളം, നീലേശ്വരം, ബേഡകം, പയ്യന്നൂർ, കല്ല്യാശേരി എന്നിവിടങ്ങളിലെ കനത്ത വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം വരും. ചില ബൂത്തുകളിൽ ഇരുന്നൂറും മുന്നൂറും വോട്ടുകൾ മറിഞ്ഞെന്നാണ് കണ്ടെത്തിയത്. തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുചോർച്ചയും അന്വേഷിക്കും. തൃക്കരിപ്പൂർ മണ്ഡലത്തിലെ 16,000 വോട്ടിന്റെ ഭൂരിപക്ഷം 2,000 ആയി ചുരുങ്ങിയതും ചർച്ചയാകും.