പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം വർധിക്കുന്നു

കാസർകോട്: രാഷ്ടീയ കൊലപാതകങ്ങളോടൊപ്പം കാസർകോട്ടെ വർഗീയ കൊലപാതകങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാബിത് വധക്കേസും നെല്ലിക്കുന്നിലെ സിനാൻ വധക്കേസും ഉൾപ്പെടെ നിരവധി കൊലക്കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഇത്.

ഇനിയും ഇത്തരത്തിലുള്ള കേസുകൾ കോടതിയിൽ വിചാരണയും വിധിയും കാത്തുനിൽക്കുകയാണ്. പൊലീസ് അന്വേഷണം ഈ രീതിയിൽ ആണെങ്കിൽ ആ കേസുകളുടെ ഗതി എന്താകുമെന്ന് അറിയില്ല. കുറ്റാന്വേഷണ മികവിൽ കേരള പൊലിസ് മിടുക്കന്മാരാണെന്ന് ഏവർക്കും അറിയാം. കഴിവുള്ള പൊലീസ് ഓഫീസർമാർ തന്നെയാണ് മിക്ക കേസുകളും അന്വേഷിക്കുന്നത്. എന്നിട്ടും കേസുകളിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ് നിയമവൃത്തങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്ക.

ജില്ലയിലെ ഇത്തരത്തിലുള്ള കേസുകളിൽ പ്രതികൾ എന്തുകൊണ്ടാണ് രക്ഷപ്പെടുന്നത് .... പൊലീസിന്റെ അല്ലെങ്കിൽ പ്രോസിക്യൂഷന്റെ പരാജയമാണോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇതൊക്കെ ഇവിടെ ചർച്ച ചെയ്യണം. രാഷ്ട്രീയ പാർട്ടികളും വിവിധ മനുഷ്യവകാശ സംഘടനകളും ഇവ ചർച്ച ചെയ്യാനും സി.ബി.ഐയെ കൊണ്ട് അന്വേഷിക്കാനുള്ള വഴികളും തേടണമെന്നാണ് സാധാരണ ജനങ്ങൾ പറയുന്നത്.

എന്നാൽ ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയം ശക്തമായി ഉന്നയിക്കാത്തതും ഇതിനായി നിരാഹാരം ഉൾപ്പെടെയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും നടത്താൻ തയ്യാറാവാത്തതും ദുരൂഹമാണ്.

മീപ്പുഗിരിയിലെ സാബിത് വധ ക്കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്നും
പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെക്കുറിച്ച് കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. അത് പ്രതികളെല്ലാം സംഘപരിവാർ പ്രവർത്തകർ ആയതുകൊണ്ട് മാത്രമാണ്.

അതേസമയം മറ്റുകേസുകളുടെ കാര്യത്തിൽ ഇവരെല്ലാം നിശബ്ദത പാലിക്കുകയാണ്. വർഗീയ സംഘർഷ കേസുകളിൽ സി.ബി.ഐ അന്വേഷണം വരുന്നത് രാഷ്ട്രീയ നേതാക്കൾ പോലും ഭയപ്പെടുന്നുണ്ട് എന്നാണ് അനുമാനം.