കണ്ണൂർ: കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കാനിരിക്കെ, ഇന്നലെ വൈകിട്ടു വരെ പരസ്യപ്രചാരണത്തിന്റെ തിരക്കിലായിരുന്നു മുന്നണികളും സ്ഥാനാർത്ഥികളും.
കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിക്കുന്നതിനിടെ നൂറോളം എൽ.ഡി.എഫ്. പ്രവർത്തകരെത്തി മൈക്ക് പിടിച്ചുവാങ്ങിയതും സംഘർഷത്തിന് ഇടയാക്കി. വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഏതാനും യു.ഡി. എഫ്. പ്രവർത്തകരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബിനും പരിക്കേറ്റിട്ടുണ്ട്.
കണ്ണൂരിലെ പാമ്പുരുത്തിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ശ്രീമതിയെ ലീഗ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കൂടെയുള്ള പുരുഷന്മാർ വോട്ടു ചോദിക്കേണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിരോധം.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ഇന്നലെ വയനാട്ടിലായിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി സി.കെ പത്മനാഭനും എത്തിയില്ല. കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും ബി.ജെ.പി സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറും രാവിലെ തന്നെ പ്രചാരണത്തിനിറങ്ങി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രൻ കുടുംബസമേതം മുംബൈയിലാണ്. 21-ന് തിരിച്ചെത്തും. കൊല്ലത്തായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ രാവിലെ ട്രെയിനിൽ പയ്യന്നൂരിലെത്തി, കല്യാശേരി മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി. അവിടെ നിന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അടക്കമുള്ള യു.ഡി.എഫ് നേതാക്കളുടെ കൂടെ പുതിയങ്ങാടിയിലും പിലാത്തറ ബൂത്ത് പരിധിയിലും സന്ദർശനം നടത്തി.
ബി.ജെ.പി സ്ഥാനാർഥി രവീശ തന്ത്രി രാവിലെ 10 മണിയോടെ പിലാത്തറ ബൂത്തിലെ വോട്ടർമാരെ കണ്ടു. രാവിലെ കാസർകോട് കളക്ടറേറ്റിൽ എത്തിയ ശേഷമാണ് അദ്ദേഹം വോട്ടർമാരെ കാണാനെത്തിയത്.