കണ്ണൂർ:ഫുട്‌ബോൾ ഫ്രീ കോച്ചിംഗ് സെന്ററിനു സമീപം നിറുത്തിയിട്ട കാർ കളവുപോയതായി പരാതി. മയ്യിൽ എട്ടാം മൈൽ ശ്രീനികേതത്തിൽ സി.കെ അനിൽകുമാറിന്റെ കാറാണ് കളവുപോയത്. അനിൽകുമാറിന്റെ പരാതിയിൽ ടൗൺ പൊലിസ് കേസെടുത്തു. ഒന്നേമുക്കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രണ്ടു മക്കളുമായി കടലിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
കണ്ണൂർ: രണ്ടു മക്കളുമായി പയ്യാമ്പലം ബീച്ചിൽ എത്തി കടലിൽ ചാടിയ യുവതിയെ ഭർത്താവും പിങ്ക് പൊലിസും ചേർന്നു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8.30നാണ് കൂത്തുപറമ്പ് സ്വദേശിനിയും കൂടാളിയിലെ ഭർതൃവീട്ടിൽ താമസക്കാരിയുമായ മുപ്പത്തിയഞ്ചുകാരി ഒൻപതു വയസുള്ള പെൺകുട്ടിയും ഏഴുവയസുള്ള ആൺകുട്ടിയുമായി പയ്യാമ്പലത്ത് എത്തിയത്.
വീട്ടിൽ നിന്നിറങ്ങിയപ്പോൾ സംശയം തോന്നിയ ഭർത്താവ് ഇവരെ പിന്തുടർന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ പയ്യാമ്പലം ബീച്ചിലേക്കു പുറപ്പെട്ടപ്പോഴും ഭർത്താവ് പിന്നാലെയുണ്ടായിരുന്നു. ഭർത്താവ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി ബീച്ചിൽ എത്തിയ ഉടനെ കടലിലേക്കു ചാടുകയായിരുന്നു. ഇതിനിടെ ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് പിങ്ക് പൊലിസും സ്ഥലത്തെത്തി. കടലിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി.