തലശ്ശേരി: കാലവർഷം എത്തും മുമ്പ് സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ മഴയ്ക്ക് മുമ്പ് തലശ്ശേരി കടൽത്തീരം കടലെടുക്കും. കഴിഞ്ഞ തവണ നാടിനെ വിറപ്പിച്ച ഓഖി ചുഴലിയും ന്യൂനമർദ്ദവും വിട്ടകന്നപ്പോൾ കടൽപ്പാലം മുതൽ ജവഹർഘട്ട് വരെ കുറേഭാഗം നഷ്ടമായി. കടപുഴകി വീണ മരങ്ങൾ, മീൻപിടിത്ത സാമഗ്രികൾ സൂക്ഷിക്കാനായി തൊഴിലാളികൾ നിർമ്മിച്ച താത്കാലിക ഷെഡുകളുടെ അവശിഷ്ടങ്ങൾ എന്നിവ മാത്രമാണ് കടൽ പിൻവാങ്ങിയപ്പോൾ തീരത്ത് അവശേഷിച്ചത്.

ജനങ്ങളുടെ ഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ഇവിടെ താത്കാലിക സംരക്ഷണഭിത്തി കെട്ടാൻ 51 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ഉടക്കുകൾ ഏറെ വന്നുവെങ്കിലും ഈ പണം വിനിയോഗിച്ച് മീൻ മാർക്കറ്റിന് സമീപം 90 മീറ്റർ നീളത്തിലും ജനറൽ ആശുപത്രിക്ക് പിൻവശം 82 മീറ്റർ നീളത്തിലും കോർവാൾ പണിതു.

കല്ലിടൽ നടത്തി ആറ് മാസം തികയും മുമ്പ് താത്കാലിക ഭിത്തി തകർന്ന് 51 ലക്ഷം വെള്ളത്തിലായ മട്ടാണിപ്പോൾ. ഇതിൽ അഴിമതിയുടെ കടൽമണം ഉള്ളതായും അശരീരിയുണ്ട്. കടലിൽ കല്ലിട്ടാൽ എണ്ണാനാർക്കാവുമെന്ന് ചില മത്സ്യതൊഴിലാളികൾ പരിഹസിക്കുന്നുമുണ്ട്.തലശ്ശേരി പ്രദേശത്ത് എവടെയെങ്കിലും കടൽ ഇളകുമ്പോൾ കടൽപ്പാലം മുതൽ ജനറൽ ആശുപത്രി വരെയും ഇവിടെ നിന്ന് ജവഹർഘട്ട് വരെയുമുള്ള തീരങ്ങളിലാണ് കടലേറ്റം രൂക്ഷമായി അനുഭവപ്പെടാറുള്ളത്. കാലവർഷം രൂക്ഷമാവുമ്പോൾ ഇത്രയും ഭാഗത്തെ തീരം അൽപാൽപമായി കടലെടുക്കുന്ന സ്ഥിതിയാണ്. ഓഖി ചുഴലി യുടെ സമയത്ത് തിരയടിച്ചു കയറിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് രണ്ട് ദിവസത്തേക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇവിടെ തീരം കടലെടുക്കുന്നത് തടയാൻ സ്ഥിര ഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ഇതിനിടെ പൂനെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ അടിയന്തിരമായി കടൽഭിത്തി പണിയാൻ നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പ് കടൽഭിത്തിക്കായി രൂപരേഖ തയാറാക്കി. ഇത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 2.47 കോടി രൂപയുടേതാണ് പദ്ധതി. നാൽപത് ലക്ഷത്തിലേറെ ചെലവ് വരുന്ന പ്രവൃത്തി നടത്താൻ സർക്കാരിന്റെ അനുമതി വേണം. ഒരു വർഷമായി അനുമതി അപേക്ഷ സെക്രട്ടേറിയറ്റിലെ ഫയൽ കൂമ്പാരത്തിൽ അടയിരിക്കുകയാണ്. മഴക്കാലം കഴിഞ്ഞാണ് ഉത്തരവ് വിരിയുന്നതെങ്കിൽ ഭിത്തി കെട്ടാൻ തലശ്ശേരിയിൽ തീരം ഉണ്ടാവില്ല. .
തൊട്ടപ്പുറം നൂലുപോലുള്ള തൂണുകളിൽ കിടക്കുന്ന പഴയ കടൽപ്പാലം അടുത്ത മഴയെ അതിജീവിക്കുമെന്ന് തോന്നുന്നില്ല. അത്രമാത്രം അപകടാവസ്ഥയിലാണ്. പാലത്തിലേക്കുള്ള പ്രവേശനം മതിൽ കെട്ടി തടഞ്ഞിട്ടും നൂറുകണക്കിന് വിനോദസഞ്ചാരികളും ഇതര സംസ്ഥാന തൊഴിലാളികളും പാലത്തിൽ എത് നേരവും ഉല്ലസിക്കാനെത്തുകയാണ്. പൈതൃക സംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി ബലപ്പെടുത്താൻ തീരുമാനിച്ച കടൽപ്പാലവും കടലെടുക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.


ഏത് നിമിഷവും കടലിൽ പതിക്കാവുന്ന പാലത്തിൽ വിലക്ക് ലംഘിച്ച് പ്രവേശിച്ച സ്ത്രീകളും കുട്ടികളും