കണ്ണൂർ: മുസ്ളിം സ്ത്രീകൾ മുഖാവരണം ധരിച്ച് വോട്ടു ചെയ്യാനെത്തുന്നത് തടയണമെന്ന സി..പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസംഗം വിവാദത്തിലേക്ക്. റീപോളിംഗ് നടക്കുന്ന പിലാത്തറയിൽ, ഇടതു മുന്നണി പൊതുയോഗത്തിലായിരുന്നു ജയരാജന്റെ വിവാദ പ്രസ്‌താവന. നിഖാബ് ധരിച്ചെത്തുന്നവർ വോട്ടു ചെയ്യാൻ ക്യൂവിൽ നിൽക്കുമ്പോൾത്തന്നെ മുഖപടം മാറ്റണമെന്നാണ് ജയരാജൻ പറഞ്ഞത്. കോൺഗ്രസും ലീഗും ഇത് സി.പി.എമ്മിനെതിരെ രാഷ്ട്രീയായുധമാക്കി രംഗത്തെത്തുകയും ചെയ്‌തു.
പോളിംഗ് ബൂത്തിലെ കാമറയിൽ കൃത്യമായി മുഖം പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായാൽ യു.ഡി.എഫ് ജയിച്ചുവരുന്ന എല്ലായിടത്തും എൽ.ഡി.എഫ് ജയിക്കും. 23-ന് വോട്ടെടുപ്പ് നടന്നപ്പോൾ പർദ്ദ ധരിച്ചെത്തിയ അമ്പതിലധികം പേർ പാമ്പുരുത്തിയിലും നൂറോളം പേർ പുതിയങ്ങാടിയിലും മുഖാവരണം മാറ്റാതിരുന്നതുകൊണ്ട് ഇവരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. മുഖാവരണം മാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്നും ജയരാജൻ പറഞ്ഞു.
ആവശ്യത്തിന് പൊലീസ് ഇല്ലാഞ്ഞതുകൊണ്ട് അവരെ തടയാൻ കഴിഞ്ഞില്ല. റീപോളിംഗ് നടക്കുമ്പോൾ മതിയായ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച് ചീഫ് ഇലക്ഷൻ ഓഫീസർക്കും ജില്ലാ കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞു.
വോട്ടറെ കൃത്യമായി തിരിച്ചറിയണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ അവരെ ഭീഷണിപ്പെടുത്തുകയും, എൽ.ഡി.എഫ് പോളിംഗ് ഏജന്റുമാർ ചലഞ്ച് ചെയ്താൽ അവരെ ആക്രമിക്കുകയുമാണ്. കള്ളവോട്ട് കൃത്യമായി ചെയ്യും. ഇതാണ് 23-നു കണ്ടത്. ഒരാൾ അഞ്ച് കള്ളവോട്ട് വരെ ചെയ്യുന്നത് തെളിഞ്ഞതാണ്. കള്ളവോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് കൊണ്ടുപോയി കൊടുക്കുന്നത് നേരത്തേ തയ്യാറാക്കിയ സംഘാംഗങ്ങളാണ്.
കള്ളവോട്ട് ചെയ്യുന്നവർ ക്യൂവിൽ നിന്ന് മാറുന്നതേയില്ല. ഒരു വോട്ട് ചെയ്തതിനുശേഷം വീണ്ടും വോട്ട്ചെയ്യാൻ ക്യൂവിൽ കയറുകയാണ് ചെയ്തത്. അതുകൊണ്ട്, പോളിംഗ് സ്റ്റേഷനകത്ത് വോട്ടറെ തിരിച്ചറിയാൻ സംവിധാനം ഒരുക്കിയാൽ മാത്രം പോരാ, ക്യൂവിൽ നിൽക്കുന്ന വോട്ടർമാരെ തിരിച്ചറിയാനും കഴിയണം. ഈ ബൂത്തുകളിൽ അകത്തും പുറത്തും കാമറയുണ്ടാകണമെന്നും ജയരാജൻ പറഞ്ഞു.
നിഖാബ് ധരിച്ച് വോട്ട് ചെയ്യാൻ വരുന്നതിൽ തെറ്റില്ല. പോളിംഗ് ബൂത്തിൽ അങ്ങനെ വരാൻ അവർക്ക് അവകാശമുണ്ട്. അത് അവരുടെ വസ്ത്രധാരണ രീതിയുടെ ഭാഗമാണ്. എന്നാൽ ബൂത്ത് ഏജന്റുമാർ ആവശ്യപ്പെട്ടാൽ മുഖം കാണിക്കണം.
- കോടിയേരി ബാലകൃഷ്‌ണൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ശരീരമാകെ മറച്ചിരിക്കുന്നതിനാൽ ആണോ പെണ്ണോ എന്നു പോലും തിരിച്ചറിയാനാവില്ല. ജയരാജൻ അതിനെതിരെ പ്രതികരിച്ചത് മതപരമായ അധിക്ഷേപമല്ല, കള്ളവോട്ട് തടയാനാണ്
- പി.കെ. ശ്രീമതി
സി.പി.എം സ്ഥാനാർത്ഥി, കണ്ണൂർ
സി.പി.എം നേതാക്കളുടെ പ്രസ്‌താവന ദുരുദ്ദേശ്യപരവും അപലപനീയവുമാണ്. ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. തോൽവി മുന്നിൽകണ്ട് സി.പി.എമ്മിന്റെ സമനില തെറ്റിയിരിക്കുന്നു.
- രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
കമ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനിരൂപമാണ് എം.വി. ജയരാജനിലൂടെ പുറത്തുവന്നത്. വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടർമാർ പോളിംഗ് ബൂത്തിൽ വരേണ്ടതെന്നു പറഞ്ഞാൽ അംഗീകരിക്കാവില്ല.
- അബ്‌ദുൾ കരീം ചേലേരി, മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി