കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിൽ രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡ് ടെർമിനലിനെതിരെ കരുനീക്കങ്ങൾ ശക്തം. ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നത് വർഷങ്ങളോളം വലിച്ചു നീട്ടി കൊണ്ടു പോയവരാണ് സ്റ്റാൻഡ് സജീവമാകാതിരിക്കാൻ ഇപ്പോൾ ശ്രമിച്ചുവരുന്നത്. സ്റ്റാൻഡിൽ ബസ്സുകൾ കയറിയിറങ്ങുന്നതല്ലാതെ മറ്റു കാര്യങ്ങളൊന്നും നടക്കുന്നില്ല.
കടമുറികൾ ലേലം ചെയ്യുന്നത് അനിശ്ചിതത്വത്തിലാക്കുകയാണ് ഇവർ ചെയ്യുന്നത്. അലാമിപ്പള്ളി ബസ് സ്റ്റാൻഡ് കടമുറികൾ ലേലം ചെയ്യുന്നതു സംബന്ധിച്ച് കഴിഞ്ഞ ഭരണ സമിതി ബൈലോ തയ്യാറാക്കുകയും ഏതാനും മുറികൾ ലേലം ചെയ്തു കൊടുക്കുകയും ചെയ്തു. നിലവിലുള്ള ഭരണ സമിതിയാകട്ടെ ബൈലോ ഭേദഗതി ചെയ്ത് സർക്കാർ അനുമതിക്ക് അയച്ചിരിക്കുകയാണ്. ഇതിനെതിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.. ബൈലോ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിട്ടുള്ളതെങ്കിലും അതുവഴി കടമുറികളുടെ ലേലം പരമാവധി വൈകിപ്പിക്കാമെന്നാണ് ഇവർ ആലോചിക്കുന്നത്. കടമുറികൾ തുറക്കാതിരുന്നാൽ ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ആർക്കും വേണ്ടാതാകും. അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നും സർക്കാർ അനുമതി കിട്ടുന്ന മുറയ്ക്ക് ലേല നടപടികൾ തുടങ്ങുമെന്നും ചെയർമാൻ വി.വി രമേശൻ കേരളകൗമുദിയോടു പറഞ്ഞു. കഴിഞ്ഞ ഭരണ സമിതി തയാറാക്കിയ ബൈലോ സർക്കാർ അനുമതിക്കയച്ചിട്ടില്ലെന്നും സർക്കാർ അനുമതി കിട്ടാതെയാണ് കടമുറികൾ ലേലം ചെയ്തതെന്നും ചെയർമാൻ വ്യക്തമാക്കി.