കണ്ണൂർ:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടക്കും. കണ്ണൂർ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെ മുഴുവൻ വോട്ടർമാരും വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് മുഖ്യവരണാധികാരികളായ ജില്ലാ കളക്ടർമാർ അഭ്യർത്ഥിച്ചു.
ഏഴ് ബൂത്തുകളിലുമായി ആകെ 7336 വോട്ടർമാരാണുള്ളത്. കണ്ണൂർ ലോക്‌സഭാ മണ്ഡലം പരിധിയിൽ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 166, ധർമ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 52,53 എന്നിവിടങ്ങളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ വടക്കു ഭാഗം ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ തെക്കു ഭാഗം ബൂത്ത് നമ്പർ 70 , തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48, കാസർകോട് ജില്ലയിലെ ചീമേനി കൂളിയാട് 48 എന്നിവിടങ്ങളിലാണ് റീ പോളിംഗ്.