കൂത്തുപറമ്പ്: പരസ്യ പ്രചരണത്തിന് അവസരം ലഭിക്കാതിരുന്ന ധർമ്മടം കുന്നിരിക്ക ബൂത്തിൽ നിശബ്ദ പ്രചരണവുമായി മുന്നണികൾ അവസാനമണിക്കൂറിലും സജീവമായിരുന്നു. എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ.ശ്രീമതി വേട്ടർമാരെ നേരിൽ കാണാൻ എത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അഭാവത്തിൽ നേതാക്കളാണ് എത്തിയത്. ബി.ജെ.പി.പ്രവർത്തകരും രംഗത്ത് ഉണ്ടായിരുന്നു.
അപ്രതീക്ഷിതമായി റീ പോളിംഗ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവിടെ പരസ്യപ്രചാരണത്തിന് സമയം ലഭിക്കാതിരുന്നത്.

മൈക്ക് അനുമതി ഉൾപ്പെടെയുള്ള കടമ്പകൾ കടക്കേണ്ടതിനാൽ മുന്നണികൾക്കൊന്നും പരസ്യപ്രചാരണത്തിന് ലഭിച്ച കുറച്ചുമണിക്കൂറുകൾ ഉപയോഗപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പിന്റെ തലേ ദിവസമായ ശനിയാഴ്ച്ച നിശബ്ദ പ്രചരണവുമായി സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയത്. എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ.ശ്രീമതി വാളാങ്കിച്ചാൽ, ഓടക്കടവ്, മുണ്ടമെട്ട ഭാഗങ്ങളിലാണ് വീടുകൾ കയറി വോട്ടർമാരെ കണ്ടത്. മുഴുവൻ ആളുകളും ആവേശപൂർവ്വം വോട്ട് രേഖപ്പെടുത്താൻ എത്തുമെന്ന് പി.കെ.ശ്രീമതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.സുധാകരൻ സ്ഥലത്ത് ഇല്ലാത്തതിനാൽ യു.ഡി.എഫ്. നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് വോട്ടർമാരെ കാണാനെത്തിയത്. പ്രത്യേക സ്‌ക്വാഡുകളാക്കിയായിരുന്നു ചാമ്പാട്, കുന്നിരിക്ക, കുണ്ട്കണ്ടംചാൽ ഭാഗങ്ങളിൽ യു.ഡി.എഫ്.പ്രവർത്തകരുടെ നിശബ്ദ പ്രചരണം. റീ പോളിംഗ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. ബി.ജെ.പി.പ്രവർത്തകരും ബൂത്തിന്റെ പല ഭാഗങ്ങളിലും വോട്ടർമാരെ നേരിൽ കാണാനെത്തിയിരുന്നു. ഇന്ന് രാവിലെ 7 മണി മുതൽ നടക്കുന്ന പോളിംഗിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.