പാലത്തിന് മുടക്കിയത് 17 കോടി

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണവുമായി പതിനേഴ് കോടിയോളം രൂപ ചെലവഴിച്ചുള്ള ആയംകടവു പാലത്തിന്റെ നിർമ്മാണം പൂർത്തിയാവുമ്പോഴും രണ്ടു കിലോമീറ്റർ അനുബന്ധ റോഡിന്റെ വികസനം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു.
ആയംകടവു പാലത്തിൽ നിന്ന് പെരിയയിലേക്കുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ വീതി കൂട്ടി ടാർ ചെയ്യുന്നതിനാവശ്യമായ നടപടികൾ ഇനിയും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പാലത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ഇപ്പോൾ കുണ്ടും കുഴിയുമായി കിടക്കുന്ന വീതി കുറഞ്ഞ റോഡിന്റെ വികസനം അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ ആയംകടവു പാലം നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പൂർത്തീകരിച്ചത്. ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി ഇതിന്റെ നിർമ്മാണം ഏറ്റെടുത്തപ്പോൾ പറഞ്ഞ സമയത്തിനകം പൂർത്തീകരിച്ചു.
52 തൂണുകളും 10 സ്പാനുകളുമുള്ള പാലത്തിന് 180 മീറ്ററാണ് നീളം. ദേശീയപാതയിലെ പെരിയ ബസാറിൽ ചേരുന്ന ആയംകടവ് റോഡിന്റെ വികസനമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
പെരിയ ബസാറിൽനിന്ന് ആയംകടവ് വഴി അഞ്ചുകിലോമീറ്റർ യാത്ര ചെയ്താൽ പെർളടുക്കയിലെത്താം. നിലവിൽ പൊയിനാച്ചി വഴി പെരിയയിൽ എത്താൻ 11 കിലോമീറ്റർ അധികയാത്ര ചെയ്യണം. പാലത്തിലേക്കുള്ള നാലു കിലോമീറ്റർ ദൂരത്തിൽ രണ്ടു കിലോമീറ്റർ റോഡ് മാത്രമാണ് വീതി കൂട്ടി നവീകരിക്കാനുള്ളത്. പെർളടുക്കം മുതൽ ആയംകടവ് പാലം വരെ പദ്ധതിയുടെ ഭാഗമായി മെക്കാഡം റോഡ് ഒരുക്കിയ അതേ രീതിയിൽ പെരിയ ബസാറിലേക്കുള്ള ശേഷിച്ച ഭാഗത്തും റോഡ് നവീകരിച്ച് പാലത്തിന്റെ പ്രയോജനം പൂർണതോതിൽ അനുഭവിക്കാനുള്ള അവസരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് വികസനത്തിന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് നടപടിയുണ്ടാകും. ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച് കത്തു നൽകിയിട്ടുയണ്ട് കെ. കുഞ്ഞിരാമൻ എം.എൽ.എ.