കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ എട്ടാം പ്രതി സി.ഐ.ടി.യു പ്രവർത്തകൻ പാക്കം വെളുത്തോളി സ്വദേശി എ. സുബീഷിനെ (29) ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ക്രൈംബ്രാഞ്ച് തിരികെ കോടതിയിൽ ഹാജരാക്കി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം പ്രദീപ്‌ ഹൊസ്ദുർഗ് ജെ.എഫ്.സി.എം കോടതി സെക്കൻഡിൽ ഹാജരാക്കിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൂന്ന് ദിവസത്തേക്ക് ആണ് കോടതി സുബീഷിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് അവധി ആയതിനാൽ ആണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നലെ തന്നെ തിരിച്ച് ഹാജരാക്കിയത്. വ്യാഴാഴ്ച പുലർച്ചെ 2.30 മണിയോടെ മംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് സുബീഷ് പിടിയിലായത്.