കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമകൾക്ക് നാടിന്റെ പ്രണാമം. നായനാരുടെ പതിനഞ്ചാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി നായനാർ അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ രാവിലെ സി.പി.എം നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും പുഷ്പാർച്ചന നടത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.പി. സഹദേവൻ, കെ.കെ. രാഗേഷ് എം.പി, എ.എൻ. ഷംസീർ എം.എൽ.എ, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പി.ശശി, നായനാരുടെ ഭാര്യ ശാരദ ടീച്ചർ, മക്കളായ കെ.പി. സുധ, കൃഷ്ണകുമാർ, ഉഷ, വിനോദ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നേതാക്കളും പ്രവർത്തകരും ബർണശേരിയിലെ നായനാർ അക്കാഡമിയിലേക്ക് പ്രകടനം നടത്തി. അക്കാഡമി അങ്കണത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ പതാക ഉയർത്തി. അനുസ്മരണ യോഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആധുനിക കേരളം പടുത്തുയർത്തുന്നതിൽ അമൂല്യസംഭാവനകൾ നൽകിയ നായനാരുടെ ജീവിതം വരും തലമുറകൾക്കാകെ പാഠപുസ്തകമാണെന്ന് കോടിയേരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു.