കൂത്തുപറമ്പ്: സി.പി.എം പ്രവർത്തകൻ കെ.വി.സായൂജ് കള്ളവോട്ട് ചെയ്തെന്ന യു.ഡി.എഫ് പരാതിയുടെ അടിസ്ഥാനത്തിൽ കുന്നിരിക്ക ബൂത്തിൽ നടത്തിയ റീപോളിംഗ് പുതിയ വിവാദത്തിലേക്ക്. പൊലീസ് നടപടി സ്വീകരിച്ചിരിക്കെ നടത്തിയ റീപോളിംഗ് ഇവിടത്തെ വോട്ടർമാരെ വലയ്ക്കുന്നതായെന്നാണ് ആരോപണം.

അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.ജനാർദ്ദനന്റെ പരാതിയിലാണ് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചത്. എന്നാൽ ധർമ്മടം മണ്ഡലത്തിലെ കുന്നിരിക്ക യു.പി.സ്‌കൂൾ ബൂത്തുകളിൽ യു.ഡി.എഫ്.റീ പോളിംഗിന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.സുധാകരൻ പ്രതികരിച്ചത്. യു.ഡി.എഫിന്റെ പരാതി റീ പോളിംഗിന് കാരണമായിട്ടുണ്ടെങ്കിൽ ജനങ്ങളോട് ക്ഷമ ചോദിക്കുകയാണ്. റീ പോളിംഗ് നടത്തുകയല്ല കള്ളവോട്ട് തടയലാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ എന്ത് നിയമനടപടികളുമായി മുന്നോട്ട് പോകാനും യു.ഡി.എഫ്.തയ്യാറാണ്. സ്ഥാനാർത്ഥികൾക്ക് നിയമപരമായി കിട്ടേണ്ടുന്ന അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടാണ് കുന്നിരിക്കയിൽ റീ പോളിംഗ് പ്രഖ്യാപനം വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ എൽ.ഡി.എഫിന്റെ അഭിപ്രായം തന്നെയാണ് യു.ഡി.എഫിനുള്ളതെന്നുമാണ് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.

കുന്നിരിക്ക യു.പി.സ്‌കൂളിലെ 52,53 ബൂത്തുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ കോൺഗ്രസ് നേതാവ് വോട്ട് പോലും ചെയ്യാതെ സ്ഥലം വിട്ടതായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതി ആരോപിച്ചു. രണ്ട് ബൂത്തുകളിലെ രണ്ടായിരത്തോളം പേരെ ബുദ്ധിമുട്ടിച്ചതിന് കോൺഗ്രസ് നേതൃത്വം മറുപടി പറയണം. ഇലക്ഷൻ കമ്മീഷൻ കുന്നിരിക്ക ബൂത്തിൻ റീ പോളിംഗിന് ഉത്തരവിട്ടത് യാതൊരു അന്വേഷണവും നടത്താതെയാണെന്നും ആരെങ്കിലും കള്ളവോട്ട് ചെയ്‌തെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കുന്നതിന് പകരം ജനങ്ങളെ ആകെ ശിക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.

ഒരാൾ കള്ളവോട്ട് ചെയ്തതിന്റെ പേരിൽ ആയിരത്തോളം പേരെ ശിക്ഷിക്കുന്നത് ശരിയായ കാര്യമാണോയെന്ന എന്ന കാര്യം ഇലക്ഷൻ കമ്മിഷൻ പരിശോധിക്കണമെന്നായിരുന്നു സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചത്. കള്ളവോട്ട് ചെയ്തു എന്ന് തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടാൻ നിയമ വ്യവസ്ഥയുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കപ്പെടാതെയാണ് കുന്നിരിക്കയിലെ രണ്ടു ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തീരുമാനിച്ചതെന്നും എം.വി.ജയരാജൻ പറഞ്ഞു.