കണ്ണൂർ: വരക്കാൻ എളുപ്പമുള്ളത് കൊണ്ടാകാം തന്നെ പോലുള്ളവരെ കാർട്ടൂണിസ്റ്റുകൾക്ക് വലിയ ഇഷ്ടമാണെന്ന് മന്ത്രി കടന്നപ്പള്ളി. അല്പം വ്യത്യസ്ത ലുക്ക് ഉള്ളവരാണ് കാർട്ടൂണിസ്റ്റുകളുടെ സ്ഥിരം ഇരകൾ എന്ന് ചൂണ്ടിക്കാട്ടിയ കണ്ണൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.കെ. പത്മനാഭൻ മന്ത്രിയെ ശരിവെച്ചു. എന്നാൽ 'ചിരിപൂരം' പ്രദർശനത്തിലെ നൂറോളം കാർട്ടൂണുകളിൽ ഒന്നിൽ പോലും താൻ ഇല്ല എന്നതിൽ മന്ത്രിക്ക് പരിഭവം.കണ്ണൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങാണ് നർമ്മ നിമിഷങ്ങൾക്ക് വേദിയായത്.

കാർട്ടൂണിസ്റ്റ് ഗിരീഷ് മക്രേരി വരച്ച കൊണ്ടുവന്ന തന്റെ കാരിക്കേച്ചർ സി .കെ. പത്മനാഭൻ മന്ത്രിക്ക് സമ്മാനിച്ചതോടെ കടന്നപ്പള്ളിയുടെ പരിഭവവും മാറി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ മലയാളത്തിലെ വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നൂറിലേറെ കാർട്ടൂണുകളുടെ പ്രദർശനമാണ് പ്രസ്‌ക്ലബ്ബിൽ ഇന്നലെ തുടങ്ങിയത്. വോട്ടർമാരെ പാട്ടിലാക്കാനുള്ള സ്ഥാനാർഥികളുടെ പെടാപാടും ദേശീയ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ വരെ വിഷയമാകുന്ന ഈ കാർട്ടൂണുകൾ കളിക്കാരനെ സംബന്ധിച്ച് ചിരിയും ചിന്തയും നൽകുന്ന അനുഭവമാണ്. കണ്ണൂർ പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും ചേർന്ന് ഒരുക്കിയ പ്രദർശനം തിങ്കളാഴ്ച സമാപിക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. സി. കെ.പത്മനാഭൻ , പ്രസ് ക്ലബ് പ്രസിഡന്റ് എ. കെ. ഹാരിസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. സുനിൽകുമാർ, കാർട്ടൂൺ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ വരച്ചാൽ, ജെപി നിർമ്മലഗിരി, ഗിരീഷ് മക്രേരി എന്നിവർ പ്രസംഗിച്ചു.