പഴയങ്ങാടി: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മാടായി പഞ്ചായത്ത് പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ 69,70 നമ്പർ ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിംഗിൽ ശതമാനം കുറഞ്ഞു.

69 നമ്പർ ബൂത്തിൽ 77.5 ശതമാനവും 70 നമ്പർ ബൂത്തിൽ 71.7 ശതമാനവുമാണ് പോളിംഗ്.കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ഇത് യഥാക്രമം 79.6 ശതമാനവും 79.5 ശതമാനവുമായിരുന്നു.കഴിഞ്ഞ മാസം 23ന് നടന്ന പോളിങ്ങിൽ 69 നമ്പർ ബൂത്തിൽ ആകെയുള്ള 1039 പേരിൽ 850 പേർ വോട്ട് രേഖപെടുത്തിയപ്പോൾ ഇന്നലെ ഇത് 806 ആയി കുറഞ്ഞു.70 നമ്പർ ബൂത്തിൽ ആകെയുള്ള 903 വോട്ടിൽ 722 പേർ വോട്ട് രേഖപെടുത്തിപ്പോൾ ഇന്നലെ നടന്ന പോളിംഗിൽ അത് 648 വോട്ടായി കുറഞ്ഞു.

റംസാൻ മാസമായതിനാൽ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ പലരും വോട്ട് ചെയ്യുവാൻ എത്തിയില്ലെന്നാണ് ഇതുസംബന്ധിച്ച് യു.ഡി.എഫ് പറയുന്നത്. എന്നാൽ കള്ളവോട്ടിന്റെ കുറവാണ് കാരണമെന്ന് എൽ.ഡി.എഫും വാദിക്കുന്നു.

ജില്ല കളക്ടർ,ജില്ലാ പൊലീസ് ചീഫ് ,ഇലക്ഷൻ കമ്മിഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ബൂത്തുകൾ സന്ദർശിച്ചു.69 നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ കണ്ണൂർ ഡപ്യൂട്ടി തഹസിൽദാർ എം.കെ. മനോജ്കുമാറും 70 നമ്പർ ബൂത്തിൽ കണ്ണൂർ കളക്ട്രേറ്റ് ജൂനിയർ സൂപ്രണ്ട് പി കെ അബ്ദുൽമജീദും ആയിരുന്നു.

രാവിലെ പോളിംഗ് തുടങ്ങിയ ഉടനെ തന്നെ യു.ഡി.എഫ് പ്രവർത്തകർ വാഹനത്തിൽ വോട്ടർമാരെ കൊണ്ട് വന്ന് ബൂത്തിന് സമീപം ഇറക്കുന്നതിനെ ടി .വി. രാജേഷ് എം .എൽ .എ ചോദ്യം ചെയ്തത് ചെറിയ വാക്ക്തർക്കത്തിന് കരണമായതൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാന പരമായിരുന്നു.രണ്ട് പോളിംഗ് ബൂത്തുകളിൽ വനിത പൊലീസ് ഉൾപ്പടെ നാല് സിവിൽ പൊലീസ്,സ്‌കൂൾ ഗേറ്റിൽ ഒരു എസ് ഐ ഉൾപ്പെടെ ഏഴ് പോലീസുകാർ സുരക്ഷാചുമതലയിലുണ്ടായിരുന്നു.പുതിയങ്ങാടി ബസ് സ്റ്റാൻഡ് റ്,ജുമാമസ്ജിദ് ജംഗ്ഷൻ,ഏരിപ്രം എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റുകൾ,മൊട്ടാമ്പ്രം,ചൂട്ടാട്,പുതിയവളപ്പ് ഭാഗങ്ങളിൽ പൊലീസ് പട്രോളിംഗ്,ബൈക്ക് പട്രോളിംഗ് എന്നിവയും ബൂത്തിന് സമീപം 16 പൊലീസുകാർ അടങ്ങുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഒരുക്കിയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത് ഇവരെ നിയന്ത്രിക്കാൻ ആറ് സി .ഐമാരും രണ്ട് ഡിവൈ .എസ് .പി മാരും ഉണ്ടായിരുന്നു.

പടം: പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ

പുതിയങ്ങാടിയിൽ വോട്ടിംഗിലെ കുറവ്

69ാം നമ്പർ ബൂത്തിൽ -44

70ാം നമ്പർ ബൂത്തിൽ -74