കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പീതാംബരനാണ് ഇരട്ടക്കൊലയുടെ സൂത്രധാരനെന്ന് ഹോസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) യിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
പീതാംബരന് കൊല്ലപ്പെട്ടവരോടുണ്ടായ രാഷ്ട്രീയ വ്യക്തി വിരോധമാണ് സംഭവത്തിനു കാരണം. കേസിലെ മറ്റു പ്രതികൾ സജി സി. ജോർജ്, സുരേഷ്, അനിൽ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപ് എന്ന കുട്ടൻ, ആലക്കോട് മണി, സി.പി.എം ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ എന്നിവരാണ്.
പ്രതികളിൽ ഒന്നു മുതൽ എട്ടുവരെയുള്ളവർ സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളവരാണ്. ഒമ്പത് മുതൽ 11 വരെയുള്ളവർ സഹായങ്ങൾ ചെയ്തുകൊടുത്തു. പന്ത്രണ്ട് മുതൽ പതിന്നാലു വരെ പ്രതികൾ തെളിവുകൾ നശിപ്പിച്ചെന്നും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും പറയുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 229 സാക്ഷികളുണ്ട്. പ്രതികൾ ഉപയോഗിച്ച 12 വാഹനങ്ങളും 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും കോടതിയിൽ ഹാജരാക്കി.
900 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പി എം പ്രദീപ്കുമാറാണ് ഇന്നലെ രാവിലെ കോടതി ആരംഭിച്ചയുടൻ ഫയൽ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. കേസ് സി. ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി 24ന് പരിഗണിക്കും.