കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 1.8 കിലോ ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം കണ്വതീർത്ഥ കുണ്ടകുളക്കയിലെ മുഹമ്മദ് അൽതാഫാ(23)ണ് അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് കുണ്ടകുളക്ക ബീച്ചിൽ വെച്ചായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ അൽതാഫും മറ്റൊരു യുവാവും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഈ ഭാഗത്ത് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഞ്ചാവ് വിതരണം നടത്തുന്നതിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
വേനലിൽ ആശ്വാസമായി
മഴയെത്തി
കാസർകോട്: വേനൽചൂടിനിടെ ദക്ഷിണ കർണ്ണാടകയിലും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ രാവിലെയുണ്ടായ മഴ നേരിയ ആശ്വാസം പകർന്നു. മംഗളൂരുവിൽ ഇന്നലെ പുലർച്ചെ മുതൽ നല്ല മഴയാണ് ലഭിച്ചത്. എന്നാൽ ഇടിമിന്നലിൽ പരക്കെ നാശനഷ്ടവുമുണ്ടായി. അഡൂർ കൊറത്തിമൂലയിലെ ദുർഗമ്മയുടെ വീട്ടിൽ ഇടിമിന്നൽ മൂലം വൈദ്യുതി ഉപകരണങ്ങളും വയറിംഗും നശിച്ചു. ടി.വി, ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് നശിച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കനത്ത ചൂടിൽ വെന്തുരുകിയ ജനങ്ങൾ മഴക്കായി കാത്തിരിപ്പായിരുന്നു. മലയോരത്തുൾപ്പെടെ ജില്ലയിലെ മിക്ക പ്രദേശങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. തെങ്ങും കവുങ്ങും അടക്കമുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങിയതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. അതിനിടെയാണ് ഇന്നലെ രാവിലെ നേരിയ ആശ്വാസം പകർന്ന് മഴയെത്തിയത്. ശക്തമായ ഇടിയോടുകൂടിയാണ് മഴ പെയ്തത്. മഴയുടെ കൂടെ ശക്തമായ കാറ്റും ഇടിമിന്നലും വരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.