പേരാവൂർ: പേരാവൂരിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഡോക്ടർ വി.ഭാസ്‌കരന്റെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി മുഖ്യ അതിഥിയായി.ഒ.ബാലൻ നമ്പ്യാർ, പി.കുമാരൻ, പി.കുഞ്ഞികൃഷ്ണൻ, ബാവ നാരായണൻ, രാമദാസ്, വി.മുരളീധരൻ, മനോജ് താഴെപുര കൂട്ട ഗോവിന്ദൻ ,ജോസഫ് നമ്പുടാകം, എം.ആർ. ആൽബർട്ട്, പി.നാണു തുടങ്ങിയവർ സംസാരിച്ചു.
മുച്ചക്ര വാഹനം നൽകുന്നു
ന്യൂ മാഹി .അംഗ പരിമിതർക്ക് ബ്ലോക്ക് പഞ്ചായത്ത് വകയായുള്ള മുച്ചക്ര വാഹനങ്ങൾക്ക് അർഹരായവർ മേയ് 25 നകം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. ലേണിംഗ് ലൈസൻസിന് അപേക്ഷിച്ചിരിക്കണം.
65കുപ്പി കർണാടകമദ്യം പിടികൂടി
ഇരിട്ടി: ഇരിട്ടി എക്‌സൈസ് റയിഞ്ച് സംഘം കൂട്ടുപുഴ അതിർത്തിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ
കൂട്ടുപുഴ പേരട്ട റോഡിൽ പുറകുവശം പുഴക്കരയിലെ ഓടക്കാടുകൾക്ക് ഇടയിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ 65 കുപ്പി കർണാടക മദ്യം പിടിച്ചെടുത്തു. കൂട്ടുപുഴ കേന്ദ്രീകരിച്ചുള്ള മദ്യക്കടത്ത് സംഘത്തിന്റെതെന്ന് സംശയിക്കുന്ന 200 കുപ്പി കർണാടക മദ്യം കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൂട്ടുപുഴയിൽ വെച്ച് പിടിച്ചെടുത്തിരുന്നു. മേഖലയിൽ മദ്യക്കട ത്ത് സംഘത്തിനെതിരെ നടപടികൾ ഉണ്ടാവുമെന്നും റെയ്ഡ് ശക്തമാക്കുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു . സംഘത്തിൽ ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ വാസദേവൻ പി സി , സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വിജയൻ,ബാബുഫ്രാൻസിസ്, ബിജു കെ കെ, വി കെ അനിൽ കുമാർ ഡ്രൈവർ ഉത്തമൻ മേനചോടി എന്നിവരുമുണ്ടായിരുന്നു.
നാരായണ ഗുരുകുലം പഠന ക്ലാസ്സ് 26 ന്
ചൊക്ലി.നാരായണ ഗുരുകുല സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരത്താൻ കീഴിലെ മേനപ്രം ശ്രീ നാരായണ മഠം ഹാളിൽ 26ന് പ്രതിമാസ പഠന ക്ലാസ്സ് നടക്കും.വി പി .സുരേന്ദ്രൻ ക്ലാസെടുക്കും.
വാർഷികം ആഘോഷിച്ചു
തലശ്ശേരി :നങ്ങാറത്ത് മണോളിക്കാവ് റോഡ് റസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷം പ്രസിഡന്റ് ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാംഗം എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ജോർജ് തയ്യിൽ മുഖ്യ ഭാഷണം നടത്തി.ശ്യാമളൻ, ഹരിദാസ്, പ്രദീപ് കുമാർ സംസാരിച്ചു.
പി.രാധാകൃഷ്ണനെ ആദരിക്കും
മാഹി : 42 വർഷക്കാലം മാഹി പോസ്റ്റ് ഓഫീസിൽ മാതൃകാ പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ച പി.രാധാകൃഷ്ണൻ ഇരിങ്ങണ്ണൂരിനെ 27ന് സി.എസ്.ഒ.ആദരിക്കും. വൈകുന്നേരം 4.30 ന് സി.എസ് .ഒ ഹാളിൽ നടക്കുന്ന ആദര സമർപ്പണ ചടങ്ങ് മുൻ മാഹി മുൻസിപ്പൽ ചെയർമാൻ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും .
കെ.എൻ ഗോപാലൻ അനുസ്മരണ 25 ന്
ഇരിട്ടി : ഇരിട്ടി എസ്.എൻ ഡി പി യൂണിയന്റെ സ്ഥാപക നേതാകളിൽ പ്രമുഖനായിരുന്ന കെ.എൻ. ഗോപാലന്റെ 17ാം ചരമവാർഷികം 25 ന് വിവിധ പരിപാടികളോടെ ഇരിട്ടി എസ്.എൻ ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിക്കും രാവിലെ ഒമ്പത് മണിക്ക് ഉളിക്കൽ പരിക്കളത്തെ സ്മൃതി സ്തൂപത്തിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും. തുടർന്ന് പത്ത് മണിക്ക് ഇരിട്ടി എസ് എൻ ഡി പി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും ഇരിട്ടി മേഖലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച എസ് .എൻ .ഡി .പി ശാഖയ്ക്കുള്ള കെ.എൻ. ഗോപാലൻ സ്മാരക റോളിംഗ് ട്രോഫിവിതരണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവ്വഹിക്കും.
പി.ഗോപാലൻ അൻപതാം ചരമവാർഷികം ആചരിച്ചു
കണ്ണൂർ:മുൻ ഡി.സി.സി.പ്രസിഡന്റും എം.എൽ.എ.യും.ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റുമായ പി.ഗോപാലന്റെ അൻപതാം ചരമ വാർഷികദിനം ആചരിച്ചു. അദ്ദേഹത്തിന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണ യോഗത്തിനും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നേതൃത്വം നല്കി .
ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ,പി.ഗോപാലന്റെ സഹോദരനും കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണൻ ,ഐ.എൻ.ടി.യു.സി.ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി.ഗിരിജ, സി.നാരായണൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി.ശശീന്ദ്രൻ,എം.എൻ.രവീന്ദ്രൻ,ടി.ശങ്കരൻ,എം.കെ.രവീ ന്ദ്രൻ.എ.എൻ.രാജേഷ്,എ.പി.രവീന്ദ്രൻ.ടി.കെ.രാജേഷ് ഗോപാലേട്ടന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
കണ്ണൂർ: 23 ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് (ഇ.ടി.പി.ബി) എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി ആകെ വിതരണം ചെയ്തത് 4748 പോസ്റ്റൽ ബാലറ്റുകളാണ്. സൈനിക രംഗത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് നൽകുന്ന സർവ്വീസ് വോട്ടിനുള്ള ( ഇടിപിബി) 4406 ബാലറ്റും വിതരണം ചെയ്തു. ഇതുവരെ 1854 പോസ്റ്റൽ വോട്ടുകളും 2644 സർവ്വീസ് വോട്ടുകളുമാണ് തിരിച്ചു വന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ കെ രമേന്ദ്രൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജൂനിയർ സൂപ്രണ്ട് പി പത്മനാഭൻ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ് എന്നിവർ ക്ലാസെടുത്തു.
റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ ആറ് ടേബിളുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനായി പ്രത്യേകം ക്രമീകരിക്കും. സർവ്വീസ് വോട്ട് എണ്ണുന്നതിന് 14 ടേബിളുകളും ഉണ്ടാകും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയ ശേഷം ഇവിഎം മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. മെയ് 22 ന് വൈകിട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തി രജിസ്റ്റർ ചെയ്ത് രാഷ്്ട്രീയ പാർട്ടികളുടെ ഏജന്റിനെയും സ്ഥാനാർഥികളുടെയും സാന്നിദ്ധ്യത്തിൽ കലക്ടറേറ്റിൽ നിന്നും വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻമയ ഇൻസ്റ്റ്യൂയൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് മാറ്റും. 22ന് മൂന്ന് മണി മുതൽ 23 ന് രാവിലെ എട്ടു മണി വരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ റിട്ടേണിംഗ് ഓഫീസർ നേരിട്ട് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്വീകരിക്കും.
അധ്യാപക നിയമനം
പെരിങ്ങോം ഗവ. കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങൾക്ക് മെയ് 29 നും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മേയ് 30 നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർകോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് ദിവസം രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഇമെയിൽ govtcollegepnr@gmail.com.. ഫോൺ. 04985 237340.