കാസർകോട്: റീപോളിംഗ് നടന്ന ഏഴ് ബൂത്തുകളിലും കള്ളവോട്ടില്ലാതായത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ഇടപെടൽ കൊണ്ടാണെന്ന് വിലയിരുത്തൽ. പോളിംഗ് ശതമാനം ഇടിഞ്ഞതാണ് വിലയിരുത്തലിന് അടിസ്ഥാനം. കാസർകോട് ലോക്‌സഭാ മണ്ഡത്തിലെ നാലും കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. എല്ലാ ബൂത്തുകളിലും മൂന്നും നാലും ശതമാനം വോട്ടാണ് കുറഞ്ഞത്. ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രമായ പുതിയങ്ങാടി ബൂത്തുകളിലാണ്.
പിലാത്തറ യു.പി സ്‌കൂളിലെ 19ാം നമ്പർ ബൂത്തിൽ 83.4 ശതമാനമാണ് പോളിംഗ്. 1091 പേരിൽ 906 പേർ വോട്ട് ചെയ്തു. നേരത്തെ 88.82 ശതമാനമായിരുന്നു പോളിംഗ്. പുതിയങ്ങാടി ജമാഅത്ത് എച്ച്.എസിലെ ബൂത്ത് നമ്പർ 69ൽ 77.77 ശതമാനവും ബൂത്ത് നമ്പർ 70ൽ 71.76 ശതമാനവും പോളിംഗ് നടന്നു. നേരത്തെ 69ൽ 80.08 ശതമാനവും 70ൽ 79.96 ശതമാനവുമായിരുന്നു. തൃക്കരിപ്പൂരിലെ 48ാം നമ്പർ ബൂത്തായ കൂളിയാട് ജി.എച്ച്.എസിൽ 84.13 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആകെയുള്ള 1261 പേരിൽ 1061 പേരാണ് വോട്ട് ചെയ്തത്. വോട്ടു ചെയ്തവരിൽ 672 പേർ സ്ത്രീകളും 584 പേർ പുരുഷന്മാരുമാണ്. നേരത്തെ 88.9 ശതമാനമായിരുന്നു പോളിംഗ്.
പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ 166ാം നമ്പർ ബൂത്തിൽ 82.71 ശതമാനമാണ് പോളിംഗ്. നേരത്തെ 82.95 ശതമാനമായിരുന്നു. 1249 വോട്ടിൽ 1031 പേർ വോട്ട് ചെയ്തു. 0.22 ശതമാനം മാത്രമാണ് കുറവ്. കുന്നിരിക്ക യു.പി സ്‌കൂളിലെ ബൂത്തുകളിലും മികച്ച പോളിംഗ് നടന്നു. ബൂത്ത് നമ്പർ 52ൽ 88.86 ശതമാനമാണ് പോളിംഗ്. ആകെയുള്ള 1098 വോട്ടർമാരിൽ 973 പേരും വോട്ടുചെയ്തു. നേരത്തെ 91 ശതമാനമായിരുന്നു.
ബൂത്ത് 53ൽ 1062 വോട്ടർമാരിൽ 943 പേർ വോട്ട് ചെയ്തു. ആകെ 85.08 ശതമാനം. നേരത്തെ ഇത് 91 ശതമാനമായിരുന്നു.
രാവിലെ ഏഴിന് മുമ്പുതന്നെ വോട്ടർമാരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു. പരിശോധനകൾക്കും നിർദ്ദേശങ്ങൾക്കും വോട്ടർമാർ സഹകരിച്ചു. വെബ്കാസ്റ്റിംഗുണ്ടായിരുന്നെങ്കിലും ലിങ്കുകൾ ജനങ്ങൾക്ക് ലഭ്യമായില്ല. കളക്ടറേറ്റിലെ കൺട്രോൾ റൂമിലിരുന്ന് ഉദ്യോഗസ്ഥർ ഇവ നിരീക്ഷിച്ചു. പുതിയങ്ങാടിയിൽ ലീഗ് വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവന്നിറക്കിയത് സി.പി.എം ചോദ്യം ചെയ്തത് സംഘർഷാന്തരീക്ഷമുണ്ടാക്കി. പിലാത്തറയിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്തുകളിലെത്തി വോട്ട് ചോദിച്ചതിനെ തുടർന്നും ബഹളമുണ്ടായി. എൽ.ഡി.എഫ് പരാതി നൽകുകയും ചെയ്തു.