കാസർകോട് :വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടർഡോ.ഡി സജിത് ബാബു അറിയിച്ചു.വോട്ടെണ്ണൽ ഉദ്യോഗസ്ഥരായ കൗണ്ടിംഗ് സൂപ്പർവൈസർമാർക്കും കൗണ്ടിംഗ് അസിസ്റ്റന്റുമാർക്കും ടെക്‌നിക്കൽ ടീമിനും പരിശീലനം നല്കി. മൈക്രോ ഒബ്‌സർവർമാർക്കുള്ള പരിശീലനം ഇന്ന് രാവിലെ 9.30 ന് കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ആരംഭിക്കും.
വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ്‌കോളേജിൽ മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങൾക്കായി 14 വീതം കൗണ്ടിംഗ് ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദുമയ്ക്ക് 10, തൃക്കരിപ്പൂരിന് 13, പയ്യന്നൂരിനും കല്യാശ്ശേരിക്കും 12 വീതം ടേബിളുകളുമാണുള്ളത്.ഓരോ നിയോജകമണ്ഡലത്തിലെയും ടേബിളുകളുടെ നിരീക്ഷണ ചുമതല അതത് ഉപവരണാധികാരികൾക്കായിരിക്കും. ഓരോ കൗണ്ടിംഗ് ടേബിളിലും കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ എന്നിവർ ഉണ്ടായിരിക്കും. മൈക്രോ ഒബ്‌സർവറുടെ നിരീക്ഷണത്തിൽ കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റുമായിരിക്കും ഓരോടേബിളിലേയുംവോട്ടുകൾ എണ്ണുക. ഓരോ കൗണ്ടിംഗ് ടേബിളിന് കീഴിലും അതത് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ ഉണ്ടായിരിക്കും.
പോസ്റ്റൽവോട്ടുകൾ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുക.പോസ്റ്റൽവോട്ടുകൾ എണ്ണുന്നതിന് ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ആറ് എ. ആർ. ഒ മാരെയും നിയോഗിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്‌വോട്ടുകൾ (ഇ.ടി.പി.ബി. എസ്),സ്‌കാൻ ചെയ്ത് വോട്ടെണ്ണുന്നതിന് 16ടേബിളുകളും ഒരുക്കിയിട്ടുണ്ട്. ഇതിനായി 16 ഡെപ്യുട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ടെക്‌നിക്കൽ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളെ തിരഞ്ഞെടുത്ത്,ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിവോട്ടിംഗ് മെഷിനിലെ ഫലവുമായി ഒത്തുനോക്കും.വോട്ടെണ്ണൽകേന്ദ്രത്തിൽ വരണാധികാരിക്കും ജനറൽ ഒബ്‌സർവർക്കും ഒപ്പമാകും സ്ഥാനാർത്ഥികളും ഇരിക്കുക.
കൗണ്ടിംഗ് ഏജന്റുമാർ വോട്ടെണ്ണൽ ദിവസം രാവിലെ ആറിനു തന്നെ പടന്നക്കാട് നെഹ്‌റുകോളജിൽ എത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷമാകും കടത്തിവിടുന്നത്. മൊബൈൽഫോൺ അനുവദിക്കില്ല. കൊണ്ടുവരുന്നവരുടെ മൊബൈൽഫോണുകൾ പിടിച്ചുവയ്ക്കും. പുറത്തുനിന്ന് ഭക്ഷണസാധനങ്ങളും വെള്ളവും കൊണ്ടുവരാനും അനുവദിക്കില്ല.