ജീവിതത്തിൽ വിജയം നേടിയവർക്കെല്ലാം തികഞ്ഞ ലക്ഷ്യബോധത്തോടെയുള്ള സ്വപ്‌നങ്ങളുമുണ്ടായിരുന്നുവെന്നത് മനസിലാക്കേണ്ട കാര്യമാണ്. വിജയിക്കാൻ അത്യാവശ്യം വേണ്ടുന്ന കാര്യവും ഇതാണ്. നിങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും എഴുതിവയ്ക്കണം. മനസിരുത്തി ദിവസവും വായിക്കണം. മോഹങ്ങൾ സഫലീകൃതമാകുന്നത് ഭാവനയിൽ കാണണം. ഇങ്ങനെ ഉപബോധ മനസിനെ ശക്തിപ്പെടുത്താൻ ആർജ്ജവത്തോടെ സ്വയം നിർദ്ദേശം കൊടുക്കണം. എനിക്കതിന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കണം.
എന്നാൽ ഇതുമാത്രം പോര ലക്ഷ്യത്തിലേക്കെത്താൻ. സമയബന്ധിതമായ മാർഗങ്ങളും പ്രവർത്തനശൈലിയും വേണം. സമയത്തെ ചിട്ടപ്പെടുത്തി പ്രവർത്തിക്കണം. മനുഷ്യമനസിന് അനന്തമായ വിജയസാദ്ധ്യതകളാണുള്ളത്. ഒന്ന് ചിന്തിച്ച് മറ്റൊന്നു പ്രവർത്തിക്കുവാനാവില്ല. ചിന്തയെ ജ്വലിക്കുന്ന ആസക്തിയായി മാറ്റി വിജയം നേടണം.
അടിയുറച്ച വിശ്വാസത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മഹാന്മാരായവരെല്ലാം ഏത് മേഖലയിലായിരുന്നാലും അങ്ങിനെയുള്ളവരായിരുന്നു. ഏതൊരു ചെറിയ വിജയത്തെയും സന്തോഷത്തോടെ സ്വീകരിക്കണമെന്നുള്ളത് പ്രധാനമാണ്.
മറ്റുള്ളവരെ അനുമോദിക്കാൻ കിട്ടുന്ന സമയം യഥാവിധി വിനിയോഗിക്കണം. അതവർക്ക് നിങ്ങളോടുള്ള താല്പര്യം ജനിപ്പിക്കും. നിങ്ങളെ നയിക്കുന്നവരെ ഒരിക്കലും കുറ്റപ്പെടുത്തരുത്. കാര്യങ്ങൾ ചോദിച്ച് മനസിലാക്കുക. പരിഭവങ്ങളും പരാതികളും നിഷേധാത്മക കാഴ്ചപ്പാടിലേക്ക് നയിക്കും. നെഗറ്റീവ് ഊർജ്ജം ഒരിക്കലും വിജയത്തിലേക്ക് നയിക്കില്ല.
പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ആധികാരികത ബോധ്യപ്പെടണം. വിശ്വസനീയമായ അടിത്തറ ഉണ്ടോയെന്ന് പരിശോധിക്കണം. നിയമാധിഷ്ഠിതമായ സംവിധാനം പാലിക്കുന്നുണ്ടോ എന്നും മനസിലാക്കണം. ഇതെല്ലാം ഉണ്ടെങ്കിലേ വിജയത്തിന് ആത്യന്തികമായി സാധ്യതയുള്ളൂ. അടിയുറച്ച വിശ്വാസവും സത്യസന്ധതയുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം.
ഡോ. ബിജോയ്,
ബി.എച്ച്.എം.എസ്, പി.ജി.ഡി.എം.എൽ.ഡി, പി.ജി.ഡി.സി.എച്ച്,
കൺസൾട്ടന്റ് ഹോമിയോപ്പത് ആൻഡ് കൗൺസലർ
വി.എം ഹോസ്പിറ്റൽ,
ഗവ. ആശുപത്രിക്ക് എതിർവശം
മട്ടന്നൂർ.
ഫോൺ. 9207966000