കണ്ണൂർ: അദ്ധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ മുഴുവൻ ആംഗൻവാടികളിലും ശിശുസൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ശോച്യാവസ്ഥയിൽ കഴിയുന്ന ആംഗൻവാടികളുടെ നില മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ വികസനം പൂർണതോതിലെത്താൻ ഇനിയും എത്രകാലം കാത്തുനിൽക്കണമെന്ന കാര്യത്തിൽ നിശ്ചയമില്ല.
കുട്ടികളുടെ വളർച്ചയ്ക്കു വലിയ പങ്കുവഹിക്കുന്ന കാലഘട്ടമാണ് ആംഗൻവാടികളിലെത്തുന്ന പ്രായം. ഈ പ്രായത്തിൽ പോഷകാഹാരവും മറ്റും കൃത്യമായി ആംഗൻവാടികളിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ്.
എന്നാൽ ജില്ലയിലെ 2403 അംഗൻവാടികളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. 2077 ആംഗൻവാടികളിലാണ് വൈദ്യുതിയുള്ളത്. ബാക്കിയുള്ള ചില ആംഗൻവാടി കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നടത്താനുള്ള തയാറെടുപ്പിലാണ്.
ആംഗൻവാടികൾ 2503,
ശിശുസൗഹൃദ ടോയ്‌ലറ്റുകൾ 61
2018 ജൂലായിയിലെ കണക്കു പ്രകാരം ജില്ലയിലെ 2503 ആംഗൻവാടികളിൽ 1925 ആംഗൻവാടികൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 318 വാടകകെട്ടിടത്തിലും 260 വാടക ഇല്ലാതെയുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശിശുസൗഹൃദ ടോയ്‌ലറ്റ് ഒരുക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും 61കെട്ടിടത്തിലെ ഇതുള്ളൂ.
ഇരിട്ടി അഡീഷണലിൽ 104 ആംഗൻവാടികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ശിശുസൗഹൃദ ടോയ്‌ലറ്റുള്ളത്. കല്യാശേരി അഡീഷണലിൽ 17ൽ ഒന്നിൽ മാത്രമേ ഇതുള്ളൂ. കണ്ണൂർ അർബനിൽ 64എണ്ണത്തിൽ മൂന്നിലും റൂറലിൽ 175 എണ്ണത്തിൽ അഞ്ചിലും 161 അംഗൻവാടികളുള്ള പാനൂരിൽ 12 ലും തലശേരിയിലെ 118ൽ 19 ലുമാണ് ശിശുസൗഹൃദ ടോയ്‌ലറ്റുകളുള്ളത്.