അവയവങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്ന് കരളാണ്. കഴിക്കുന്ന ആഹാരം വയറിലും കുടലിലും ദഹിച്ചശേഷം രക്തത്തിലേക്ക് പ്രവേശിച്ച് നേരെ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്‌ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. കരളുമായി ബന്ധപ്പെട്ട് വളരെ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയാണ് ചെയ്യുന്നത്. ഗുരുതരമായ കരൾ രോഗങ്ങൾക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങൾക്കും ഫാറ്റി ലിവർ ഇടയാക്കാറുണ്ട്.
മദ്യപാനവും ജീവിതശൈലിയിലെ ക്രമക്കേടുകളും ഫാറ്റി ലിവറിന് കാരണമാകുന്നു. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവർ സ്ത്രീകളിലും പുരഷന്മാരിലും ഉണ്ടാകാം. ചെറുപ്പക്കാരിലാണ് കൂടൂതലായി കണ്ടുവന്നത്. സാധാരണയായി രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കാണണമെന്നില്ല. എന്നാൽ ചിലർക്ക് അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. ഫാറ്റി ലിവറുള്ളവർ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യപാനം പൂർണമായും ഉപേക്ഷിക്കുക പ്രധാനം. വ്യായാമമാണ് മറ്റൊരു പ്രധാന ഘടകം. ഒരു മണിക്കൂർ എങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം. പ്രമേഹ രോഗികൾ കൂടുതലായി ശ്രദ്ധിക്കണം.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട, തളിപ്പറമ്പ്.
ഫോൺ: 9544657767.