വേഗത 30 - 50 കിലോമീറ്റർ, വാതിലുകളുടെ എണ്ണത്തിനു തുല്യമായ അറ്റൻഡർമാർ

13 വയസ് മുതലുള്ള ഓരോ വിദ്യാർത്ഥിക്കും ഒരു സീറ്റ്

കാഞ്ഞങ്ങാട്: അധ്യയന വർഷം തുടങ്ങുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്‌കൂൾ ബസുകൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാക്കി സ്‌കൂളുകൾക്ക് നൽകി. സ്‌കൂൾ ബസുകൾക്ക് ഗോൾഡൻ മഞ്ഞ നിറവും ജനലിനു താഴെ 15 സെന്റിമീറ്റർ വീതിയിൽ ഗോൾഡൻ ബ്രൗൺ നിറത്തിലുള്ള ലൈനും ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിർദ്ദേശം.
വാഹനത്തിന്റെ മുൻപിലും പിറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് (ഇ.ഐ.ബി) എന്ന് വ്യക്തമായി എഴുതി പ്രദർശിപ്പിക്കണം.സ്‌കൂൾ മേഖലയിൽ വേഗപരിധി 30 കി മീ. ആണ്. വാഹനത്തിൽ സീറ്റിന്റെ എണ്ണത്തിലധികം കുട്ടികളെ കുത്തിനിറക്കരുത്. 13 വയസ് മുതലുള്ള ഓരോ വിദ്യാർത്ഥിക്കും ഒരു സീറ്റ് വീതം നൽകണം. മൂന്നു മുതൽ പന്ത്രണ്ട് വയസു വരെ സീറ്റിംഗ് കപ്പാസിറ്റിയുടെ ഇരട്ടി കുട്ടികളെ കയറ്റാവുന്നതാണ്. വിദ്യാർത്ഥികളെ നിർത്തി യാത്ര ചെയ്യുന്നത് അനുവദനീയമല്ല. സ്‌കൂൾ വാഹന ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നയാളും നിർബന്ധമായും സീറ്റ് ബെൽട്ട് ധരിക്കണം. ഡ്രൈവർക്ക് ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. കൂടാതെ ഹെവി വാഹനമാണെങ്കിൽ അത്തരം വാഹനം ഓടിച്ച് 5 വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. ഡ്രൈവർക്ക് കാക്കി യൂനിഫോം നിർബന്ധം.

വാഹനത്തിന്റെ വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആരോഗ്യമുള്ള അറ്റൻഡർമാർ ( ആയമാർ) ഉണ്ടായിരിക്കണം. വാഹനം പുറപ്പെടുന്നതിm മുൻപ് വാതിലുകൾ അടച്ചുവെന്ന് ഉറപ്പു വരുത്തണം. ഡ്രൈവറുടെ ശ്രദ്ധ മാറുന്നതരത്തിൽ ബഹളം ഉണ്ടാക്കാൻ കുട്ടികളെ അനുവദിക്കരുത്. വാഹനത്തിൽ മരുന്നുകളോടുകൂടി പ്രഥമ ശുശ്രൂഷ സഹായി പെട്ടികൾ ഉണ്ടായിരിക്കണം. സ്‌കൂളിന്റെ പേരും ഫോൺ നമ്പരും ഇരുവശങ്ങളിലും പിന്നിലും പ്രദർശിപ്പിക്കണം. യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ പേര്, രക്ഷിതാവിന്റെ പേര്, വിലാസം ഫോൺ നമ്പർ മുതലായ വിവരങ്ങൾ ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ സൂക്ഷിക്കണം. വാഹനത്തിന് സുരക്ഷാ ഓഫീസർമാരായി ഒരധ്യാപകനെ ചുമതലപ്പെടുത്തണം. സ്‌കൂൾ അധികാരികളോ, പി ടി.എ പ്രതിനിധികളോ വാഹനത്തിലെ തൊഴിലാളികളുടെ സ്വഭാവം, വാഹനത്തിന്റെ അവസ്ഥ എന്നിവ മുന്നറിയിപ്പില്ലാതെ പരിശോധിക്കണം. അതീവ ഗുരുതരമായ ട്രാഫിക് ലംഘനങ്ങളിൽ പെട്ട ഡ്രൈവർമാരെ നിയമിക്കാൻ പാടില്ല. ആവശ്യത്തിന് എമർജൻസി വാതിലുകൾ ഉണ്ടായിരിക്കണം.

സ്‌കൂൾ ബസിലും കുട്ടികളെ കൊണ്ടു പോകുന്ന മറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിലും മണിക്കൂറിൽ 50 കി.മി നിജപ്പെടുത്തിയ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരിക്കണം. ചൈൽഡ് ലൈൻ (1098) പൊലീസ് (100) ,ആംബുലൻസ് (102), ഫയർ (101), ആർ.ടി.ഒ തുടങ്ങിയ അത്യാവശ്യ നമ്പറുകൾ വാഹനത്തിൽ പ്രദർശിപ്പിക്കണം. വാഹനത്തിന്റെ എല്ലാ രേഖകളുടെയും കാലാവധി തീരുന്ന തീയതി രേഖപ്പെടുത്തിയ പേപ്പർ പ്രദർശിപ്പിക്കണം. വാഹനങ്ങളിൽ അംഗീകൃത കമ്പനികളുടെ ജി.പി.എസ് സംവിധാനം ഘടിപ്പിച്ച് ടാഗ് ചെയ്തിരിക്കണം. തുടങ്ങിയ വിശദമായ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്.