കാസർകോട്: വോട്ടെണ്ണൽ ജോലികൾക്കായി 900 ജീവനക്കാരെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 141 കൗണ്ടിംഗ് സൂപ്പർവൈസർ,138 കൗണ്ടിംഗ് അസിസ്റ്റൻഡ്,139 മൈക്രോ ഒബ്‌സർവർമാർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചത്. ഇവരെ കൂടാതെ ഏഴ് നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉപവരണാധികാരികളെയും പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് നിയോഗിച്ച ആറ് ഉപവരണാധികാരികളെയും ജില്ലാ വരാണാധികാരിയെയും വോട്ടെണ്ണൽ പ്രക്രിയയിൽ സഹായിക്കുന്നതിനുള്ള ജീവനക്കാരെയും നിയോഗിച്ചു.

സാങ്കേതിക സഹായം നൽകുന്നതിന് ഒരുകൂട്ടം ടെക്‌നിക്കൽ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം തൽസമയം ദൃശ്യശ്രവ്യ പത്ര മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിന് പി.ആർ.ഡിയുടെ നേതൃത്വത്തിലുള്ള മീഡിയ സെന്ററും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി പ്രത്യേകസർവീസ്

കാസർകോട്: വോട്ടെണ്ണൽ ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും വോട്ടെണ്ണൽ കേന്ദ്രമായ പടന്നക്കാട് നെഹ്രു കോളേജിലെത്താൻ കാസർകോട് നിന്ന് കെ.എസ്.ആർ.ടി സി പ്രത്യേകസർവീസ് നടത്തും. രാവിലെ 4.40നും 5.20നും ദേശീയ പാതയിലൂടെയും രാവിലെ അഞ്ചു മണിക്ക് കെ.എസ്.ടി.പി റോഡ് വഴിയും കാസർകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ബസ് സർവീസ് നടത്തും. ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു

കർശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണലിനോടനുബന്ധിച്ച് കർശന സുരക്ഷ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു. പ്രകടനങ്ങൾക്കു പൊലീസിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം. ഗുഡ്‌സ് കാരേജ് വാഹനങ്ങൾ, ഓപ്പൺ ലോറികൾ തുടങ്ങിയവയിൽ ആൾക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങൾ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.

ആഹ്‌ളാദപ്രകടനങ്ങൾ യാതൊരു കാരണവശാലും അതിരുകവിയരുത്. പ്രകടനത്തിനിടെയോ മറ്റോ ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. ഗതാഗത തടസവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടവരാത്തതുമായ രീതിയിൽ പ്രകടനങ്ങൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മോട്ടോർ സൈക്കിൾറാലി അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.