കണ്ണൂർ: അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനെ ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ തർക്കം. ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ രാവിലെ ചേർന്ന അടിയന്തിര കൗൺസിലിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ ഉയർത്തിയത്. പൂർവസ്ഥിതിയിലാക്കേണ്ട റോഡുകളുടെ ലിസ്റ്റ് വന്നിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞതിനെ ചൊല്ലിയാണ് ഇരുപക്ഷവും ഒരേ സ്വരത്തിൽ ശബ്ദിച്ചത്.
റോഡ് പൂർവ സ്ഥിതിയിലാക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത റോഡുകൾ ഏഴു മാസത്തിലധികമായി അനാഥമായി കിടക്കുകയാണ്. ഇതിന്റെ ലിസ്റ്റ് പോലും കൗൺസിലിന് മുന്നിൽ എത്തിയിട്ടില്ല. എളയാവൂർ, പള്ളിക്കുന്ന്, എടക്കാട് തുടങ്ങിയ സോണുകളിൽ റോഡ് പൂർവ സ്ഥിതിയിലാക്കുന്ന പദ്ധതിയാണ് ഭരണാനുമതിക്കായി കൗൺസിലിന് മുന്നിലെത്തിയത്.
റോഡുകളുടെ അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കും
ഇ.പി.ലത (മേയർ)
പല സോണലുകളിലും പ്രവൃത്തി പൂർത്തിയാകാനുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. കൗൺസിലിൽ അടിയന്തരമായ തീരുമാനമെടുക്കും.
റീ ടാറിംഗ് നടന്നില്ലെങ്കിൽ പ്രശ്നം ഗുരുതരം
പി.കെ രാഗേഷ്(ഡെപ്യൂട്ടി മേയർ)
കാലവർഷം തുടങ്ങാൻ 10 ദിവസം മാത്രം ബാക്കിയിരിക്കെ റീടാറിംഗ് നടത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകും.
മഴ പെയ്താൽ തലയിൽ മുണ്ടിടണം
സി.രവീന്ദ്രൻ (കൗൺസിലർ)
മഴ പെയ്യുന്നതോടെ കൗൺസിലർമാർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരും. ഇപ്പോൾത്തന്നെ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തു. ഇങ്ങനെ പോയാൽ ശരിയാവില്ല.
ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച
തൈക്കണ്ടി മുരളീധരൻ(കൗൺസിലർ)
ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണ് പണി തീർക്കാത്തതിന് കാരണം. റോഡ് പൂർവസ്ഥിതിയിലാക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെയും എൻജിനിയർമാരുടെയും സാന്നിദ്ധ്യമുണ്ടാകണം. ഇല്ലെങ്കിൽ വലിയതോതിൽ അഴിമതിയുണ്ടാകും.