ചക്കരക്കല്ല് :ഭാര്യയെ വെട്ടിക്കൊന്ന കേസിൽ കോടതി വെറുതെ വിട്ട യുവാവിനെ മണിക്കൂറുകൾക്കകം വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.പരിക്കേറ്റ കണയന്നൂർ കണ്ടോത്ത് വീട്ടിൽ പത്മനാഭൻ നമ്പ്യാരുടെ മകൻ കെ..സി.. അരുൺകുമാറിനെ (38) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

2012 മാർച്ച് ഏഴിന് ഭാര്യ മുതുകുറ്റിയിലെ ബിജിനയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അരുൺകുമാർ.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അരുൺകുമാർ പിടിയിലായത്. അരുൺകുമാർ ധരിച്ചിരുന്ന ഷർട്ടിൽ ചോരത്തുള്ളികൾ കാണപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ യാത്രക്കാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ഈ കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി അരുൺകുമാറിനെ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി വെറുതെ വെട്ടിരുന്നു. വെറുതെ വിട്ടതിന്റെ ആഹ്ളാദത്തിൽ മദ്യപിച്ച് നടക്കുകയായിരുന്ന അരുൺകുമാറിനെ ഒരു സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിവേരിയിൽ വച്ച് കാൽമുട്ട് തല്ലിയൊടിച്ച് മർദ്ദിച്ച് തിങ്കളാഴ്ച രാത്രി കോയ്യോടൻ ചാലിൽ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.