ചെറുവത്തൂർ: അധ്യയനവർഷം ആരംഭിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രവേശനോത്സവം ഉത്സവമാക്കാൻ വിദ്യാലയങ്ങളിൽ 'ഒരുക്കം'. ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ടാണ് 'ഒരുക്കം' എന്ന പേരിൽ രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരുടെ കൂടിച്ചേരലിനു വിദ്യാലയങ്ങൾ വേദിയാകുന്നത്.

ജില്ലാതല ഉദ്ഘാടനം ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂളിൽ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി. വേണുഗോപാലൻ നിർവഹിച്ചു.

63 കുട്ടികളാണ് ഇവിടെ ഈവർഷം ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പതിനാലായിരത്തോളം കുട്ടികളാണ് ജില്ലയിൽ ഒന്നാംതരത്തിൽ എത്തിയത്. രണ്ടായിരം കുട്ടികളുടെ വർധനവാണ് ഇക്കുറി ലക്ഷ്യമിടുന്നത്. മിക്ക വിദ്യാലയങ്ങളിലും കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികൾ ഇതിനോടകം പ്രവേശനം നേടികഴിഞ്ഞു. പ്രവേശനോത്സവത്തിനു മുന്നോടിയായി പി.ഇ.സി യോഗങ്ങൾ എല്ലാ പഞ്ചായത്തുകളിലും ചേർന്ന് കഴിഞ്ഞു. പഞ്ചായത്ത് തല പ്രവേശനോത്സവ വേദികൾ തീരുമാനിച്ചു. മുപ്പത്തിനുള്ളിൽ ജനകീയ കൂട്ടായ്മയോടെ വിദ്യാലയങ്ങളിലെല്ലാം ശുചീകരണം നടക്കും.

ചന്തേരയിൽ നടന്ന ഒരുക്കം പരിപാടിയിൽ സി.എം മീനാകുമാരി അധ്യക്ഷയായി. ബി.പി.ഒ പി.വി ഉണ്ണിരാജൻ അധ്യക്ഷനായി. വിനയൻ പിലിക്കോട് ഒരുക്കങ്ങൾ വിശദീകരിച്ചു

പ്രൈമറി വിദ്യാലയങ്ങളിൽ സ്ഥിരാധ്യാപകർ

ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിലേക്ക് എൽ.പി, യു.പി സ്ഥിരാധ്യാപകർ ജൂൺ ആദ്യവാരം തന്നെ എത്തും. നിയമന ഉത്തരവ് തയാറാക്കൽ അവസാനഘട്ടത്തിലാണ്. അതിനാൽ പ്രൈമറി വിദ്യാലയങ്ങളിൽ ഇത്തവണ ദിവസവേതന അധ്യാപക നിയമനം ഉണ്ടാകില്ല. അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇതിനോടകം പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ക്ലാസ് മുറികൾ ഹൈടെക് ആക്കിയും, ചുമരുകൾക്ക് നിറംപകർന്നും, ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയുമെല്ലാം പുതുമയോടെ അണിഞ്ഞൊരുങ്ങുകയാണ് പൊതുവിദ്യാലയങ്ങളെല്ലാം.

പടം : ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂളിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ കുട്ടികൾ പാഠപുസ്തകങ്ങൾ ഏറ്റുവാങ്ങിയപ്പോൾ.