കാസർകോട്: മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിൽ പതിനഞ്ചോളം സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകനല്ലാതെ മറ്റാരുമില്ല. പുതിയ നിയമനവും സ്ഥലം മാറ്റങ്ങളും സംഘടനകൾ തമ്മിലെ വടംവലികളിൽ മുങ്ങി. എല്ലാം പരിഹരിക്കേണ്ട ഡി.ഡി.ഇ കസേരയിലാകട്ടെ സ്ഥിരതയുമില്ല. എല്ലാം കൂടി ജില്ലയിലെ സ്കൂൾ വിദ്യാഭ്യാസം താറുമാറായി കിടക്കുകയാണ്.
എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിലേക്ക് പി.എസ്.സി ശുപാർശ ചെയ്ത നിയമന ഉത്തരവ് പുറത്തിറങ്ങാനിരിക്കെ ഒരു വിഭാഗം അദ്ധ്യാപക സംഘടനകൾ സമരത്തിന് ഒരുങ്ങുകയാണ്. അദ്ധ്യാപക നിയമനത്തിൽ കെ.എസ്.ടി.എ ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാരെ വീടിനടുത്തെ സ്‌കൂളുകളിൽ നിയമിക്കുന്നെന്നാണ് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ആരോപണം. എന്നാലിത് ശരിയല്ലെന്ന് കെ.എസ്.ടി.എയും വാദിക്കുന്നു.
സ്‌കൂൾ തുറക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് 421 തസ്തികകളിലെ പോസ്റ്റിംഗ് ആശങ്കയിലായത്. പി.എസ്.സി നിയമനം നടക്കുന്നതിനാൽ താത്കാലിക അദ്ധ്യാപക നിയമനത്തിനും അനുവാദമില്ല. ഇതോടെ സ്‌കൂളുകൾ തുറക്കുന്ന ആലോചനകൾ പോലും ഇവിടെയില്ല.
കാസർകോട് ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിൽ ഉദ്യോഗക്കയറ്റം കിട്ടി തിരുവനന്തപുരത്തേക്ക് സ്ഥലംമാറി പോയിരുന്നു. പകരം തളിപ്പറമ്പ് ഡി.ഇ.ഒയെ സ്ഥാനക്കയറ്റം നൽകി നിയോഗിച്ചു. അദ്ദേഹം ഇന്നും നാളെയും അവധിയിലാണ്. 30ന് മാത്രം അദ്ദേഹം ഈ കസേരയിൽ ഉണ്ടാകും. ഈ മാസം അദ്ദേഹം വിരമിക്കുകയാണ്. പുതിയ ഡി.ഡി.ഇയെ നിയമിച്ച് അദ്ധ്യാപക നിയമനം തുടരുന്നതിന് കാലതാമസം എടുക്കുന്നതിനാൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം തന്നെ താളം തെറ്റുമെന്ന് ഉറപ്പായി. നിയമന ഉത്തരവ് അയക്കാനുള്ള തയ്യാറെടുപ്പ് തടയപ്പെട്ടതോടെയാണ് ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്.