കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ വ്യാപകമായി സംഘർഷത്തിനു സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരിൽ സുരക്ഷ കർശനമാക്കി.5000 ത്തോളം പൊലീസുകാരെയാണ് കണ്ണൂരിൽ വിന്യസിച്ചിട്ടുള്ളത്. കണ്ണൂർ, വടകര മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സംഘർഷ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആർ.ആർ.ആർ.എഫ് ബറ്റാലിയൻ സായുധ പൊലീസും മൊബൈൽ പട്രോളിംഗ് യൂണിറ്റടക്കം അയ്യായിരത്തോളം സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. മൂന്ന് ഡിവൈ. എസ്.പിമാർക്കാണ് സുരക്ഷാ ചുമതല.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നൂറോളം മൊബൈൽ പട്രോളിംഗ് ഇന്നലെ വൈകിട്ട് മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങി. ജില്ലയിലെ പ്രധാന റോഡുകളിൽ സി.സി.ടിവി കാമറ നിരീക്ഷണം ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക് കോളജിനകത്തും പുറത്തും ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തി. ഇന്നലെ രാത്രി മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു മുന്നിൽ പൊലീസ് കാവലേർപ്പെടുത്തി.
ജില്ലയിലെ പ്രമുഖ പാർട്ടികളുടെ നേതാക്കൾക്കും അവരുടെ വീടുകൾക്കും സുരക്ഷ ഏർപ്പെടുത്തി. ക്രിമിനൽ കേസുകളിൽ പ്രതിയായവരെയും മറ്റു ക്രിമിനൽ സ്വഭാവമുള്ളവരെയും മുൻകരുതലായി അറസ്റ്റ് ആരംഭിച്ചു. അക്രമത്തിലേർപ്പെടുന്നവർക്കെതിരേ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം അറിയിച്ചു. ജില്ലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസിന്റെ സുരക്ഷാ നടപടികളുമായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടി നേതാക്കളും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യർഥിച്ചു.
സുരക്ഷ ഇങ്ങനെ
അയ്യായിരം സേനാംഗങ്ങളെ വിന്യസിപ്പിച്ചു
രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സുരക്ഷ
പ്രമുഖ പാർട്ടികളുടെ നേതാക്കൾക്കും അവരുടെ വീടുകൾക്കും സുരക്ഷ
ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കസ്റ്റഡിയിലെടുത്തു
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ അകത്തും പുറത്തും കനത്ത സുരക്ഷ