തലശ്ശേരി : വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. തലശ്ശേരിക്കടുത്ത കൊളശ്ശേരി സ്വദേശി സോജിത്തിനെയാണ് (28) തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവില്വാമലയിൽ നിന്ന് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ 18ന് രാത്രി ഏഴരയോടെയാണ് തലശ്ശേരി കായ്യത്ത് റോഡിൽ വച്ച് ബൈക്കിലെത്തിയ സംഘം നസീറിനെ ആക്രമിച്ചത്. സംഘത്തിൽ ആറു പേരുണ്ടെന്നാണ് പൊലീസ് നിഗമനം. തലയ്‌ക്കും വയറ്റിലും കൈക്കും കാലിനുമെല്ലാം വെട്ടേറ്റ നസീർ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകരയിലെ സി.പി.എം സ്ഥാനാർത്ഥി പി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നസീറിനെ സന്ദർശിച്ചിരുന്നു.
തലശ്ശേരി നഗരസഭാ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നസീർ കുറച്ച് കാലമായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയാണ്.