yakub

തലശ്ശേരി: സി.പി.എം പ്രവർത്തകൻ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട് ) ജഡ്ജ് ആർ.എൽ. ബൈജുവിന്റേതാണ് വിധി. കേസിൽ 14-ാം പ്രതിയായിരുന്ന ആർ.എസ്.എസ് സംസ്ഥാന നേതാവ് വത്സൻ തില്ലങ്കേരി (പടയങ്കുടി വത്സൻ, 54) അടക്കം 11പേരെ കോടതി വെറുതെ വിട്ടു. പന്ത്രണ്ടുവർഷത്തിന് ശേഷമാണ് വിധി.
ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ (48) അനുജൻ വിലങ്ങേരി മനോഹരൻ (മനോജ്, 42) തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38) കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (ജോക്കർ പ്രകാശൻ, 48) കീഴൂർ പുന്നാട് കാറാട്ട്ഹൗസിൽ പി. കാവ്യേഷ് (40) എന്നിവരെയാണ് ശിക്ഷിച്ചത്.

ആറുമുതൽ 16 വരെ പ്രതികളായ മീത്തലെപുന്നാട് മായ നിവാസിൽ പന്ന്യോടൻ ജയകൃഷ്ണൻ (39), പുന്നോട് കുറ്റിയാൻ ഹൗസിൽ ദിവാകരൻ (59), കോട്ടത്തെക്കുന്ന് സിന്ധുനിലയത്തിൽ എസ്.ടി സുരേഷ് (48), അനുജൻ എസ്.ടി സജീഷ് (37), കീഴൂർ പാറേങ്ങാട്ടെ പള്ളി ആശാരിവീട്ടിൽ പി.കെ പവിത്രൻ (ആശാരി പവി, 48), തില്ലങ്കേരി കാരക്കുന്നുമ്മൽവീട്ടിൽ കെ.കെ. പപ്പൻ (പത്മനാഭൻ, പത്മജൻ 36), കീഴൂർ ഇല്ലത്തുമൂലയിലെ പുത്തൻവീട്ടിൽ മാവില ഹരീന്ദ്രൻ (56), കല്ലങ്ങോട്ടെ ചാത്തോത്തുവീട്ടിൽ കൊഴുക്കുന്നോൻ സജീഷ് (36), വത്സൻ തില്ലങ്കേരി (54), പാറേങ്ങാട്ടെ അജിഷ നിവാസിൽ വള്ളി കുഞ്ഞിരാമൻ (57), കീഴൂരിലെ തൂഫാൻ ബാബു (കെ.വി. ബാബു, 38) എന്നിവരെ വെറുതേ വിട്ടു.
2006 ജൂൺ 13ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളായ ഷാനവാസ്, സുധീഷ്, സുഭാഷ്, ആഷിക്ക് എന്നിവർക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊന്നത്. ഷാനവാസ്, ബാബു, സുധീഷ് എന്നിവർക്കും പരിക്കേറ്റു.
വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ തില്ലങ്കേരി കാർക്കോട് അമ്മുഅമ്മ സ്മൃതിമന്ദിരത്തിൽ വച്ചാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം നേരിട്ട് കണ്ടതായി 9-ാം സാക്ഷി കിഴക്കയിൽ ജയേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. 23 സാക്ഷികളെ കോടതി വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ.പി ബിനിഷ ഹാജരായി.