കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്)യിൽ സമർപ്പിച്ച കുറ്റപത്രത്തിന്മേലുള്ള പരിശോധന ഇന്ന് പൂർത്തിയായേക്കും.
പതിനാലു പ്രതികളുള്ള കേസിൽ തയാറാക്കിയ കുറ്റപത്രം തൊള്ളായിരം പേജ് വരും. കേസ് കോളിളക്കം സൃഷ്ടിച്ചതിനാൽ കുറ്റപത്രം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി രണ്ടാം ക്ലാസ് കോടതിയിലെ ജീവനക്കാർ ഇതിന്റെ പരിശോധനയിലായിരുന്നു.
കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ അതിന്റെ പരിശോധനയ്ക്ക് പരമാവധി മൂന്നു ദിവസം വരെ എടുക്കാമെന്നുണ്ട്. അതു പ്രകാരം ഇന്ന് പരിശോധന പൂർത്തിയാകണം. കുറ്റമറ്റ രീതിയിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്ന് ഉറപ്പായാൽ മാത്രമേ കോടതി അത് സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞ രണ്ടു ദിവസത്തെ പരിശോധനയിൽ പൊരുത്തക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. ഇന്നു വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാക്കി കോടതി അതു സ്വീകരിച്ചേക്കും.
അതിനിടെ ഹൈക്കോടതിയിൽ രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിന്മേൽ കോടതി കഴിഞ്ഞദിവസം വാദം കേൾക്കുകയുണ്ടായി. കേസിലെ മുഖ്യപ്രതി പീതാംബരന് കൊല്ലപ്പെട്ടവരോടുണ്ടായ രാഷ്ട്രീയപരമായ വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതാകട്ടെ ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.