നീലേശ്വരം: രാജ്യത്ത് ആദ്യമായി മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലിൽ ആരംഭിക്കുന്ന മാംസ സംസ്‌കരണ യൂനിറ്റും അതിനോട് അനുബന്ധിച്ചുള്ള കോളേജിനുമായി 90 ഏക്കർ ഭൂമി റവന്യു വകുപ്പ് കൈമാറി. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ യൂനിറ്റിനായി 10 കോടി രൂപ വകയിരുത്തിയിരുന്നു.
മാംസ സംസ്‌കരണ യൂനിറ്റിന്റെ തുടക്കത്തിൽ അഞ്ചു നിലയിൽ പണിയുന്ന കെട്ടിടത്തിൽ 500 ആടുകളെ വളർത്താനുള്ള സംവിധാനവും ഒരുക്കും. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആദ്യപടിയെന്നോണം ആടുകളെ വളർത്തുകയും പിന്നീട് മറ്റു മൃഗങ്ങളെ വളർത്തി മാംസം അന്യരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുമാണ് പദ്ധതി. സംസ്‌കരണ യൂനിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മാംസം പ്രധാനമായും കണ്ണൂർ വിമാനത്താവളം വഴിയായിരിക്കും അയയ്ക്കുക. 140 നിയോജക മണ്ഡലങ്ങളിലെയും സ്വയംസംരംഭകർക്കായി ജോലി സമ്പാദിക്കാനായിട്ടാണ് യൂനിറ്റ് തുടങ്ങുന്നത്. ഇതിനായി കാസർകോട്, കോഴിക്കോട്, ആലപ്പുഴ സോണുകളായി തിരിച്ച് യൂനിറ്റിന്റെ ആസ്ഥാനം കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിനായി സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റിയും രൂപീകരിക്കും.

കേന്ദ്ര ഗവൺമെന്റിന്റെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ 5000 കോടി രൂപയുടെ മൂലധനത്തിലാണ് യൂനിറ്റ് ആരംഭിക്കുന്നത്. വെറ്ററിനറി സർവകലാശാലയുടെ കീഴിലാണ് മാംസ സംസ്‌കരണ യൂനിറ്റും കോളേജും ആരംഭിക്കുക. യൂനിറ്റിൽ നിന്ന് മാലിന്യ സംസ്‌കരണങ്ങൾ ഉൾപ്പെടെ വിവിധ പ്രോഡക്ടുകളം നിർമ്മിക്കും. യൂനിറ്റ് തുടങ്ങുന്നതിനായി സ്‌പെഷൽ പ്രോജക്ട് ഓഫീസറെ നിയമിച്ചുകഴിഞ്ഞു.

നീലേശ്വരം കോ ഓപ്പറേറ്റിവ് അർബൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ടി.ടി.വി അനുസ്മരണം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.