കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിന് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആരംഭിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മീർ മുഹമ്മദലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലെ 1172 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും ആദ്യം എണ്ണും.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിനായി പ്രത്യേക ഹാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 14 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരുമുണ്ടാകും. 14 ടേബിളുകളിലെയും ഓരോ റൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോഴും ഫലം പ്രദർശിപ്പിക്കാൻ വീഡിയോവാൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് ഫലം ഒമ്പത് മണിയോടെ ലഭ്യമാകും. മാധ്യമപ്രവർത്തകർക്ക് വോട്ടെണ്ണൽ ഫലങ്ങൾ അപ്പപ്പോൾ നൽകുന്നതിനായി മീഡിയ സെന്ററും ഒരുക്കിയിട്ടുണ്ട്.
സപ്പോർട്ടിംഗ് സ്റ്റാഫ് ഉൾപ്പെടെ 1300 ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
വി.വി.പാറ്റ് നറുക്കെടുപ്പിലൂടെ
മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയായതിന് ശേഷം എല്ലാ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണും. നറുക്കെടുപ്പിലൂടെയാവും പേപ്പർ സ്ലിപ്പുകൾ എണ്ണുന്ന വിവിപാറ്റുകൾ തെരഞ്ഞെടുക്കുന്നത്. എണ്ണാൻ പറ്റാതെ വരുന്നതും കണക്കുകളിൽ വ്യത്യാസമുള്ളതുമായ വോട്ടിംഗ് യന്ത്രത്തിന് പകരം സാഹചര്യത്തിന് അനുസൃതമായി വിവിപാറ്റുകൾ എണ്ണും. ഏതെങ്കിലൊരു ബൂത്തിലെ വിവിപാറ്റ് എണ്ണണമെന്ന് കാരണ സഹിതം സ്ഥാനാർഥി അപേക്ഷ നൽകുന്ന പക്ഷം റിട്ടേണിംഗ് ഓഫീസർ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. ഇ.വി.എമ്മുകൾക്കു ശേഷം നറുക്കപ്പെടുന്ന വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയ ശേഷമേ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു.
പോസ്റ്റലിന് ആറ് ടേബിൾ;സർവീസ് വോട്ടിന് 14
ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും ഫലം ഒന്നിച്ചുകൂട്ടാനും പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ടുകൾ എന്നിവ എണ്ണുന്നതിനുമായി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി ആറ് ടേബിളുകളും സർവീസ് വോട്ടുകൾ എണ്ണുന്നതിനായി 14 ടേബിളും ഒരുക്കിയിട്ടുണ്ട്. നാല് എ ആർ ഒമാരെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നതിനായി പ്രത്യേകം നിയമിച്ചത്. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. സ്ഥാനാർഥികൾക്കും ചീഫ് ഏജന്റിനും കൗണ്ടിംഗ് സെന്ററിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനമുണ്ടായിരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരത്തും ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്ക്ക് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിനകത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. അകത്ത് കയറുന്നവരുടെ മൊബൈലുകൾ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടർ പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.